EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കെപിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ മഹാറാലി കോഴിക്കോട് കടപ്പുറത്ത്…

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒരേ രീതിയിലുള്ള മനുഷ്യരാണെന്നും ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മോദി ഭരണകാലത്താണ് പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് മാറ്റം വന്നത്. അമേരിക്കയ്ക്ക് മുമ്പേ മോദി ഇസ്രയേലിന് പിന്തുണ അറിയിച്ചു. ഐക്യരാഷ്ട്ര സഭയില്‍ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം വന്നപ്പോളും ഇന്ത്യ അതിനെ പിന്തുണച്ചില്ല. എന്താണ് മോദിക്ക് ഇസ്രായേലിനോട് ഇത്ര മമതയെന്ന് വേണുഗോപാല്‍ ചോദിച്ചു.കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലി ‘മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നഗറി’ (കോഴിക്കോട് കടപ്പുറം) ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.മോദിയ്ക്കും നെതന്യാഹുവിനും അവരവരുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള പിആര്‍ സ്റ്റണ്ട് മാത്രമാണ് വിദേശ നയം. എന്നാല്‍ കോണ്‍ഗ്രസിന്റെ നയം അന്നും ഇന്നും ഒന്നുതന്നെയാണ്. പിറന്ന മണ്ണിലെ അവകാശത്തിന് വേണ്ടിയാണ് പലസ്തീന്‍ പോരാടുന്നതെന്നും പലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയാണ് പലസ്തീന്‍ നയം രൂപപ്പെടുത്തി കോണ്‍ഗ്രസിന് നല്‍കിയത്. നെഹ്‌റുവും ഇന്ദിരയും രാജീവ് ഗാന്ധിയും അത് ഏറ്റെടുത്തു. ആരൊക്കെ എവിടെയൊക്കെ കോളനിവത്കരണത്തിന് ശ്രമിച്ചാലും കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കും. അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്തയായ സഹോദരിയും മകളുമൊക്കെയായാണ് ഇന്ദിരയെ അവര്‍ വിശേഷിപ്പിച്ചത്. ലോകത്തെ ഒരു രാജ്യവും അംബാസഡറെ അയയ്ക്കാന്‍ ധൈര്യപ്പെടാത്ത കാലത്ത് പലസ്തീനിലേക്ക് അംബാസഡറെ അയയ്ക്കാന്‍ ധൈര്യം കാണിച്ച രാജ്യം കോണ്‍ഗ്രസിന്റെ ഇന്ത്യയായിരുന്നു.
പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒക്ടോബറില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ബാധകമായ പ്രമേയമാണ്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന് കരുതുന്ന ചിലര്‍ ഇവിടെ ഉണ്ടെന്ന് സിപിഎം നിലപാടിനെ പരിഹസിച്ച് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അവര്‍ പലസ്തീനെ വോട്ടിനുള്ള ഉപായം മാത്രമാക്കി കാണുന്നു. കോണ്‍ഗ്രസ് ചൈനയ്ക്ക് മുമ്പിലും അമേരിക്കക്ക് മുമ്പിലും കവാത്ത് മറക്കില്ല. പലസ്തീന്‍ മനുഷ്യാവകാശ പ്രശ്‌നമാണ്. ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടില്‍ അതിനെ ഒതുക്കി നിര്‍ത്തേണ്ടതല്ല. ആരുടേയും കെണിയില്‍ വീഴാന്‍ തങ്ങളില്ല എന്ന് മുസ്ലിം ലീഗ് നിലപാടെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി കെ. സുധാകരന്‍ എംപി അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.മുരളീധരന്‍ എംപി ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. സിഡബ്ല്യുസി അംഗം ഡോ. ശശി തരൂര്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് ജഫ്രി മുത്തുക്കോയ തങ്ങള്‍, കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മ്ദനി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസമദ് സമദാനി, വിവിധ സാമുദായിക-സംഘടനാ പ്രതിനിധികളായ പി. മുജീബ് റഹ്മാന്‍, പിഎന്‍ അബ്ദുള്‍ ലത്തീഫ് മ്ദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം സുല്ലമി, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ, ബ്രഹ്മശ്രീ ശംഭു നമ്പൂതിരിപ്പാട്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, എ.പി അനില്‍കുമാര്‍, എഐസിസി സെക്രട്ടറി റോജി എം.ജോണ്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, അഡ്വ.കെ.ജയന്ത്, പി. സുരേന്ദ്രന്‍, എന്‍.വേണു, റസാഖ് പാലേരി, എ. സജീവന്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ രാഘവന്‍ എംപി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അറബിക്കടലിന് സമാന്തരമായ് അരലക്ഷത്തോളം പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ഇസ്രയെലിനെതിരെയും മോദി സര്‍ക്കാറിന്റെ വിദേശ നയത്തിനെതിരെയും രൂക്ഷമായ മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതികൂല കാലാവസ്ഥയിലും ചെറു കൈവഴികളായ് പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് എത്തിയത്.

ഗുജറാത്തില്‍ നടന്നതു തന്നെ ഗാസയിലും നടക്കുന്നു: കെ.സുധാകരന്‍ എംപി

വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കെ.സുധാകരന്‍.ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. ചിതറി തെറിച്ച പലസ്തീന് പിന്തുണ പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും കെ. സുധാകരന്‍ കൂട്ടിചേര്‍ത്തൂ.

Leave a Comment

Your email address will not be published. Required fields are marked *