EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം… 

വനിതാ മാധ്യമ പ്രവർത്തകയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ്‌  സുരേഷ് ഗോപി ചോദ്യംചെയ്യലിൽ പൊലീസിനോട്‌ പറഞ്ഞത്‌. സിഐ പി കെ ജിജീഷ്, എസ്ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.   മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയ്യാറാക്കുക. സുരേഷ്‌ ഗോപിയുടെ അറസ്‌റ്റ്‌ ഉണ്ടാകില്ലെന്നാണ്‌ സൂചന.  ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന്‌ കാണിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥൻ സുരേഷ്‌ ഗോപിക്ക്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയും പൊലീസും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, വസ്തുതകൾ സത്യസന്ധമായി വെളിപ്പെടുത്തണം, കേസിലേക്ക് രേഖകളും വസ്തുക്കളും ആവശ്യപ്പെട്ടാൽ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളാണുള്ളത്‌. ഇത്‌ ലംഘിച്ചാൽ എപ്പോൾ വേണമെങ്കിലും നോട്ടിസ് ഇല്ലാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27ന് വനിതാ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിനാണ് കേസ്.

ഖാൻ യൂനിസ്‌ ഉടൻ ഒഴിയണം ; ഇസ്രയേൽ

വടക്കൻ മേഖലയിൽ രൂക്ഷ ആക്രമണം തുടരുന്നതിന്‌ പിന്നാലെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്ന്‌ ഉടൻ ഒഴിഞ്ഞുപോകണമെന്നും ജനങ്ങളോട്‌  ആവശ്യപ്പെട്ട്‌ ഇസ്രയേൽ സൈന്യം. തെക്കും വടക്കും ആക്രമിക്കുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ ബുധനാഴ്‌ച പറഞ്ഞതിന്‌ പിന്നാലെയാണ്‌ നടപടി. എവിടെ ഹമാസുണ്ടോ അവിടെ ആക്രമിക്കുമെന്നും ഗാലന്റ്‌ പറഞ്ഞു. വടക്കൻ മേഖലയുടെ നിയന്ത്രണം കൈപ്പിടിയിലാക്കിയതായി സൈന്യം പറഞ്ഞു. ഗാസ തുറമുഖവും പിടിച്ചെടുത്തു.അതിനിടെ, അൽ ഷിഫ ആശുപത്രിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേൽ സൈന്യം കടന്നുകയറി. ഡോക്ടർമാരെ ചോദ്യം ചെയ്‌തു. ആശുപത്രിയുടെ തെക്കൻ കവാടം ബുൾഡോസർ ഉപയോഗിച്ച്‌ തകർത്തു. ആശുപത്രിക്കകത്ത്‌ വെടിവയ്‌പ്പുണ്ടായതായും റിപ്പോർട്ട്‌.  ഇസ്രയേൽ സൈന്യം മൃതദേഹങ്ങൾ  കൊണ്ടുപോയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ്‌ അബു സാൽമിയ പറഞ്ഞു. റേഡിയോളജി, പ്രസവ വിഭാഗം, അത്യാഹിത വിഭാഗത്തിന്റെ പ്രധാന കവാടങ്ങൾ എന്നിവിടങ്ങളിലാണ്‌ സൈന്യം കേന്ദ്രീകരിച്ചിരിക്കുന്നത്‌. ആശുപത്രിക്ക് മുകളിലൂടെ ഡ്രോണുകൾ നിരന്തരം പറക്കുന്നു. സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തെ ജനറൽ സർജറി കെട്ടിടവുമായി ബന്ധിപ്പിക്കുന്ന പാലമാണ് സൈന്യം ലക്ഷ്യമിടുന്നതെന്നും സാൽമിയ പറഞ്ഞു. ആശുപത്രി ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു. 

അൽ ഷിഫയിൽനിന്ന്‌ ആയുധം ലഭിച്ചതായി അവകാശപ്പെട്ട്‌ പുറത്തുവിട്ട വീഡിയോ ഇസ്രയേൽ സൈന്യം ഉടൻ പിൻവലിച്ചു. മേഖല സന്ദർശിക്കാൻ യുഎൻ മനുഷ്യാവകാശ തലവൻ വോൾക്കർ ടുക്കിന്‌ ഇസ്രയേൽ അനുമതി നിഷേധിച്ചു.ഗാസയിൽ അൽ അഹ്‌ലി ആശുപത്രിക്കുനേരെയും ആക്രമണം ഉണ്ടായി. ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്നതിനായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകിയതായി പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു.ഹമാസ്‌ തലവൻ ഇസ്‌മയിൽ ഹനിയ്യേയുടെ വീട്‌ തകർത്തതായി ഇസ്രയേൽ. വീട്ടിൽ ബോംബിടുന്നതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. ഹനിയ്യേയുടെ വീട്‌ ഭീകരപ്രവർത്തനങ്ങൾക്ക്‌ ഉപയോഗിച്ചുവരുന്നതായും ആരോപിച്ചു. ഗാസ ഭരിക്കുന്ന ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ് ഹനിയ്യേ. നേരത്തേ രണ്ടുതവണ ഇദ്ദേഹത്തിന്റെ ഗാസയിലെ രണ്ടു വീടിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ശബരിമലനട തുറന്നു, വന്‍ഭക്തജനത്തിരക്ക്

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക.സന്നിധാനത്തും പമ്പയിലും വൻ ഭക്തജന തിരക്കാണ്.ഇത്തവണയും വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക.

കളമശേരി സ്ഫോടനം മരണ സംഖ്യ ആറായി

കളമശേരി സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരൻ പ്രവീണാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു മലയാറ്റൂർ സ്വദേശി പ്രവീൺ. പ്രവീണിന്റെ അമ്മ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ കഴിഞ്ഞ 11നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

ഖത്തറിലെ മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കാൻ നീക്കം

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊർജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്ക്കെതിരായ അപ്പീൽ നടപടികൾ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തിൽ ഖത്തർ അധികൃതരുമായി ഇന്ത്യ ഇടപെടൽ നടത്തുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് എല്ലാ നിയമപരവും കോൺസുലർ സഹായവും സർക്കാർ തുടർന്നും നൽകുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.ഒക്ടോബർ 26ന് ആണ് എട്ട് ഇന്ത്യക്കാർക്കും ഖത്തർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്ത്യ വധശിക്ഷയ്ക്കെതിരെ അപ്പീൽ സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *