ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശകരായെത്തിയിട്ടും കാര്യമായ പരാതികളില്ലാതെ ആഘോഷ പരിപാടികള്‍ നടത്താനായത് കേരളീയത്തിന്റെ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഇത്രയുമധികം ജനങ്ങള്‍ക്ക് സമാധാനപരമായി ആഘോഷങ്ങള്‍ക്ക് ഒത്തുകൂടാന്‍ പറ്റുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം കനകക്കുന്നില്‍ വൈകുന്നേരം ആറു മുതല്‍ പത്തുവരെ ഒരു ലക്ഷത്തിലധികം പേരെത്തി. അഞ്ച് ദിവസങ്ങളിലായി നടന്ന സെമിനാറിലും വന്‍ ജനപങ്കാളിത്തമാണുണ്ടായതെന്നും ഇത് തിരുവനന്തപുരം നഗരത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയുടെ സമാപന സമ്മേളനം, അതിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് വിശദീകരിക്കാന്‍ കനകക്കുന്ന് പാലസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരും പങ്കെടുത്തു.
ആദ്യം ആലോചിച്ചതിനേക്കാള്‍ കൂടുതല്‍ നന്നായി കേരളീയം പരിപാടി നടത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനും കേരളീയത്തിനു കഴിഞ്ഞു. ഇത്തവണത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം അതിവിപുലമായ രീതിയില്‍ കേരളീയം പരിപാടികള്‍ സംഘടിപ്പിക്കും. ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും ആളുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയുന്ന ഉചിതമായ സമയമാക്കി കേരളീയത്തെ മാറ്റും. കേരളീയത്തിന്റെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ആരോപണം തെറ്റാണ്. വിനോദസഞ്ചാരം, വ്യവസായം തുടങ്ങിയ മേഖകള്‍ക്ക് പുത്തനുണര്‍വേകുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ദീര്‍ഘവീഷണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് നഗരത്തില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെ പാര്‍ക്കിംഗ് സെന്ററുകളില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കായിരിക്കും സര്‍വീസ്. 75 ദിവസത്തെ തയ്യാറെടുപ്പ് മാത്രമേ ഇത്തവണത്തെ കേരളീയം പരിപാടിക്ക് ലഭിച്ചിട്ടുള്ളൂ. എന്നിട്ടും മാതൃകാപരമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. അടുത്ത തവണത്തെ പരിപാടിക്ക് ഒരു വര്‍ഷം മുഴുവന്‍ തയ്യാറെടുക്കാന്‍ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തം കൊണ്ട് കേരളീയം ജനങ്ങളുടെ ഉത്സവമായി മാറിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പരിപാടിയുടെ വിജയത്തിന് മാധ്യമങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ ഐ.ബി സതീഷ് എം.എല്‍.എ, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു, തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജ്, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു എന്നിവരുംപങ്കെടുത്തു.
*കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് (നവംബര്‍ 7) കൊടിയിറക്കം*
ജനലക്ഷങ്ങള്‍ ആഘോഷമാക്കിയ കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ഇന്ന് (നവംബര്‍ 7) കൊടിയിറക്കം. കലകളുടെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി. കേരളീയ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ ഉയര്‍ന്ന നവകേരളത്തിനായുള്ള പുത്തന്‍ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്.കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപനത്തിനു മുന്നോടിയായി കേരളീയം വീഡിയോ പ്രദര്‍ശനവും നൃത്താവിഷ്‌ക്കാരത്തിന്റെ വീഡിയോ പ്രദര്‍ശനവും നടക്കും. സമാപന ഗാനാലാപനത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും. നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപനസമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.റവന്യൂ- ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. സെമിനാറിലെ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം സംഘാടകസമിതി ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു നിര്‍വഹിക്കും. ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്‍മാന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു എന്നിവര്‍ ആശംസകളറിയിക്കും.
സ്‌പോണ്‍സര്‍മാര്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, കേരളീയം ലോഗോ രൂപകല്‍പ്പന ചെയ്യുകയും ബ്രാന്റിംഗ് നിര്‍വഹിക്കുകയും ചെയ്ത ബോസ് കൃഷ്ണമാചാരി, ശുചിത്വ പരിപാലകര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി വേദിയില്‍ കേരളീയം 2023 മെമന്റോ സമ്മാനിക്കും.മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, എം.ബി. രാജേഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍,പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, എം പിമാരായ ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, ഒ.എസ്. അംബിക, വി. ശശി, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് നന്ദി പറയും.തുടര്‍ന്ന് ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ എന്നിവര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’അരങ്ങേറും.