EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സെമിനാര്‍ -മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും… ബഹുസ്വരത ജനാധിപത്യത്തിന്റെ കാതല്‍ എന്നുറപ്പിച്ച് കേരളീയം സെമിനാര്‍.

എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന ജന സമൂഹമാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.ഉയര്‍ന്ന ജീവിത നിലവാര സൂചികകളിലും സാമൂഹിക സുരക്ഷിതത്വത്തിലും കേരളം വളരെ മുന്നിലാണ്. രാജ്യത്തെ ബഹുസ്വരതയും സാംസ്‌കാരിക ഇടപെടലുകളും സെമിനാര്‍ സൂക്ഷ്മമായി വിലയിരുത്തും.ജന്മിത്വത്തിനെതിരായ ഇടപെടലാണ് കേരളത്തിന്റെ സാമൂഹിക ഘടനയെ നവീകരിച്ചത്. ഒരു ജനതയെ ആകെ മാറ്റിമറിച്ച ഇതിഹാസ തുല്യമായ മുന്നേറ്റമായിരുന്നു കേരളത്തിന്റെ നവോത്ഥാനം. ഇതിന്റെ തുടര്‍ച്ചയാണ് ഭൂപരിഷ്‌ക്കരണമടക്കമുള്ള തീരുമാനങ്ങളിലൂടെ ആദ്യ മന്ത്രിസഭ  നടപ്പിലാക്കിയത്. വൈവിധ്യങ്ങളും ഏകതയും ഇല്ലാതാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്ന ചരിത്രം തന്നെ തിരുത്തപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ ഭൂമിശാസ്ത്രം അതിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. സംഘടന എന്ന രാഷ്ട്രീയ രൂപീകരണ പ്രസ്ഥാനം നവോത്ഥാന കാലത്തിന്റെ പ്രത്യേകതയാണ്. ഗ്രന്ഥശാല, തൊഴിലാളി യൂണിയനുകള്‍ , സഹകരണസംഘടനകള്‍ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക  ജീവിതത്തെ മാറ്റിമറിച്ചു. യാഥാസ്ഥിതികതയുടെയും വര്‍ഗീയതയുടെയും ലോകമില്ലാതാക്കി മാനവികതയുടെ പ്രക്ഷേപണ കേന്ദ്രങ്ങളായി മാറാനാണ് സാംസ്‌കാരിക വകുപ്പ് ശ്രമിക്കുന്നതെന്നും മിനി ആന്റണി പറഞ്ഞു.

എല്ലാമുള്‍ക്കൊള്ളുന്ന പദമെന്ന നിലയില്‍ സംസ്‌കാരമെന്നത് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ്  മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മാനവികമായ പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നാകുമ്പോള്‍ പോലും ബഹുസ്വരതകളുണ്ടാകണം. ലോകത്തെമ്പാടും എല്ലാം ഒന്നായി തീരണമെന്ന ചിന്ത സാമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. ഇതിനെതിരായി എന്തു നിലപാട് സ്വീകരിക്കണമെന്നതാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നതെന്നും എം എ ബേബി പറഞ്ഞു.

*കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റും- മന്ത്രി ആര്‍. ബിന്ദു*

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റങ്ങളും പുതിയകാലം ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് കേരളീയം സെമിനാര്‍. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച വിദഗ്ധര്‍, വിദ്യാഭ്യാസരംഗത്തെ പരിവര്‍ത്തനത്തിന് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളും പങ്കുവെച്ചു. ഉന്നതവിദ്യാസ രംഗത്ത് കേരളം ശരിയായ പാതയിലാണെന്നും രാജ്യത്തിനാകെ  മാതൃകയാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു സംഘടിപ്പിച്ച സെമിനാറില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.  വിദ്യാര്‍ഥി കേന്ദ്രീകൃതവും വഴക്കമുള്ളതുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ വിശാല ലക്ഷ്യത്തോടെയാണ് ഉന്നതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും സംസ്ഥാനം സ്വായത്തമാക്കിയ നേട്ടങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മന്ത്രി ആമുഖ ഭാഷണത്തില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയും ഡിജിറ്റല്‍ പാര്‍ക്കും കേരളത്തിലാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളികള്‍ കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും കൂടുതലായി പോകുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ട നടപടികളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തി.സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിനായി നിയമ നിര്‍മാണം നടത്തും. മികച്ച ഭൗതിക സൗകര്യവും അക്കാദമിക നിലവാരവുമുള്ള സ്ഥാപനങ്ങളെ സര്‍വകലാശാലകളാക്കുന്നത് പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അന്തസോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സാഹചര്യമൊരുക്കാന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സുകള്‍ തയ്യാറാക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്റെ 30 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതില്‍ അഞ്ചെണ്ണം  പ്രാരംഭ ഘട്ടത്തിലാണ്. 20 ഗവ: കോളേജുകളെ കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകളാക്കി ഉയര്‍ത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പൂര്‍വ വിദ്യാര്‍ത്ഥി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

*കേരളത്തിലേത് മാനുഷിക മുഖമുള്ള ഭരണ നിര്‍വഹണ സംവിധാനം*

ഡിജിറ്റല്‍ മുന്നേറ്റത്തിലും മികച്ച ഭരണനിര്‍വഹണ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിന് രാജ്യത്തിനും ലോകത്തിനുമായി മികച്ച മാതൃകകള്‍  സൃഷ്ടിക്കാനാകുമെന്ന് കേരളീയം സെമിനാര്‍. മാനുഷിക മുഖമുള്ള ഭരണനിര്‍വ്വഹണ സംവിധാനമാണ് കേരളത്തിലേതെന്നും സുസ്ഥിര വികസനം, ആരോഗ്യ- പാരിസ്ഥിതിക സൂചകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരളം മാതൃകയാണന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്‌ചെയ്ന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇ ഗവേണന്‍സില്‍ നിന്നും പൗരന്‍മാര്‍ക്ക് രേഖകളെല്ലാം മുന്‍കൂട്ടി ലഭ്യമാക്കുന്ന പ്രെഡിക്റ്റീവ് ഗവേണന്‍സിലേക്ക് ചുവടുമാറണമെന്നും സെമിനാറില്‍ നിര്‍ദേശമുണ്ടായി. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണമെന്നും നയരൂപീകരണത്തില്‍ വസ്തുതകളുടെ അപഗ്രഥനം ആവശ്യമാണെന്നും ഡിജിറ്റല്‍ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവന്നു. ഫയലുകളില്‍ കേന്ദ്രീകരിക്കാതെ പൗരന്‍മാര്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. വയോജന-സ്ത്രീ- പാര്‍ശ്വവല്‍കൃത സമൂഹത്തിന് സേവന വിതരണം ഉറപ്പാക്കണം. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ എങ്ങനെ ലഭിക്കും എന്ന അറിവ് വ്യാപകമാക്കണമെന്നും   കേരളത്തിലെ ഭരണ നിര്‍വഹണവും സേവനവിതരണവും  എന്ന വിഷയത്തില്‍ ടഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഭരണനിര്‍വഹണത്തിന്റെ കാര്യത്തിലും ഇന്ത്യയില്‍ പൊതുവെയുള്ള നിലപാടുകളല്ല കേരളം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. രാജ്യത്ത് പട്ടാളക്കാരെ പോലും കരാര്‍ നിയമനം നടത്തുന്ന കാലത്ത് പരമാവധി  സ്ഥിരം തൊഴില്‍ നിയമനം നല്‍കിയാണ് സംസ്ഥാനം ഭരണനിര്‍വ്വഹണ സംവിധാനം കാര്യക്ഷമമാക്കുന്നത്. 2016 മുതല്‍ മുപ്പത്തിനായിരത്തില്‍ അധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായി. കോവിഡ് കാലത്തു ശമ്പള പരിഷ്‌കരണം നടത്തിയ ഏക സംസ്ഥാനം കേരളമാണ്.  സേവന വിതരണത്തില്‍ കാലതാമസം ഒഴിവാക്കി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ അതിവേഗം സേവനം ലഭ്യമാക്കാനുള്ള ദൗത്യങ്ങള്‍ക്കിടയില്‍ തീരുമാനം എടുക്കുന്നതിലും സേവനം എത്തിക്കുന്നതിലും കാലതാമസം വരുത്തരുത്. നിലവില്‍ 905 വാതില്‍പ്പടി സേവനം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നേരിട്ട് ആവശ്യക്കാരുടെ അടുക്കലേക്ക് എത്തുന്ന രീതിയില്‍ സേവന വിതരണം മെച്ചപ്പെടണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.അഡിഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് വിഷയാവതരണം നടത്തി. മാറുന്ന കാലത്തിനനുസൃതമായി മാറാത്ത നിയമങ്ങളും ചട്ടങ്ങളും അധാര്‍മികമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറും മുന്‍ ചീഫ് സെകേട്ടറിയുമായ കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണനിര്‍വഹണത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ഉള്‍ക്കാഴ്ചയോടെ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. 5.22 ലക്ഷം പേര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതു സേവകരെന്ന ബോധ്യമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരുമടങ്ങുന്നതാണ് സംസ്ഥാനത്തെ മൂന്നരക്കോടി ജനതക്ക് മികച്ച ഭരണം ഉറപ്പുവരുത്താനുള്ള നിര്‍വ്വഹണ സംവിധാനമെന്നും അഭിപ്രായപ്പെട്ടു.

*ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തി*

കേരളത്തിലെ ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചക്ക് അടിത്തറ പാക്കിയതായി ‘ക്ഷേമവും വളര്‍ച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍’ എന്ന വിഷയത്തില്‍ മാസ്‌കോട് ഹോട്ടലില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനായി കൂടുതല്‍ ജനക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കണം. വയോജന പരിപാലനം, പരിസ്ഥിതി പരിപാലനം എന്നിവയാണ് വികസന രംഗത്ത് കേരളം നേരിടുന്ന പ്രധാന  വെല്ലുവിളികള്‍. ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും കേരളം ഇന്ന് നേരിടേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക രംഗത്തെ നിലപാടുകള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, സഹകരണ, തദേശസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സമ്പന്നമായ മാനുഷികവും പ്രകൃതിദത്തവുമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച്, സാമ്പത്തിക പരിമിതികള്‍ പരിഹരിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന വികസന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുന്ന ഒരു പാത രൂപപ്പെടുത്താന്‍ കേരളത്തിനു കഴിയുമെന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി.
മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അളക്കാനാവില്ലെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ 40 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. സാമൂഹ്യക്ഷേമത്തില്‍ ഊന്നിയുള്ള സാമ്പത്തിക വളര്‍ച്ച എന്ന കേരള മോഡല്‍ വികസനം ഏറെ പ്രശംസയര്‍ഹിക്കുന്നു. വികസന രംഗത്ത് മുന്നോട്ടു പോവാന്‍ സംസ്ഥാനത്തെ കാര്‍ഷിക, പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളും അധികാര വികേന്ദ്രീകരണ മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികച്ച മുന്നേറ്റം കൈവരിക്കാനായാല്‍ സ്വയം തന്നെ നാടിന്റെ വളര്‍ച്ച ത്വരിതപ്പെടുമെന്ന് മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ചെയര്‍മാനും ആര്‍.ബി.ഐ മുന്‍ ഗവര്‍ണറുമായ സി. രംഗരാജന്‍ അഭിപ്രായപ്പെട്ടു.കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ കാര്യത്തിലും തൊഴില്‍ ഉറപ്പു വരുത്തുന്ന കാര്യത്തിലും കേരളം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പ്രഭാത് പട്‌നായിക് പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മത നിരപേക്ഷതയും  ജനങ്ങളുടെ സൗഹാര്‍ദവും അട്ടിമറിക്കുകയാണെന്നും ഇതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കേണ്ടതുണ്ടെന്നും അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രൊഫ. വെങ്കിടേഷ് ആത്രേയ, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ സി. വീരാമണി തുടങ്ങിയവരും പാനലിസ്റ്റുകളായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ പുനീത് കുമാര്‍ വിഷയാവതരണംനടത്തി.

*ശ്യാമമാധവത്തിന് വരയിലൂടെ പുതുജീവന്‍; ചുമര്‍ച്ചിത്രത്തിന്റെ മിഴിതുറന്ന് കേരളീയം*

പ്രഭാവര്‍മ്മയുടെ അതിമനോഹര കവിത ശ്യാമമാധവത്തിന് വരയിലൂടെ പുതുജന്മം. കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിന്റെ നേത്രോന്‍മീലനം നര്‍ത്തകി ഡോ: രാജശ്രീ വാര്യര്‍ നിര്‍വഹിച്ചു. വാസ്തുവിദ്യാഗുരുകുലം പവലിയനില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ സന്നിഹിതനായിരുന്നു. സ്വര്‍ഗാരോഹണത്തിനു മുന്‍പുള്ള കൃഷ്ണന്റെ കുറ്റസമ്മതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആടയാഭരണങ്ങള്‍ ഇല്ലാതെ വിവിധ വികാരങ്ങള്‍ പ്രതിഫലിക്കുന്ന ഭാവത്തിലാണ് കൃഷ്ണനെ വരച്ചിരിക്കുന്നത്. കേരളീയം പരിപാടിയുടെ ഭാഗമായി പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയെ ആസ്പദമാക്കി ചിത്രകാരന്‍ സുരേഷ് മുതുകുളം വരച്ച ചുമര്‍ ചിത്രത്തിന്റെ നേത്രോന്‍മീലനം നര്‍ത്തകി ഡോ: രാജശ്രീ വാര്യര്‍ നിര്‍വഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *