
ഇസ്രായേൽ – ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്‍റെ ഷെല്ലാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റു. പയ്യാവൂർ പൈസക്കരിയിലെ ആനന്ദിന്റെ ഭാര്യ കൊട്ടയാടൻ ഷീജ (41) ക്കാണ് പരിക്കേറ്റത്.ഹോംനഴ്സായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.

അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് അവരവരുടെ വാസസ്ഥലങ്ങൾക്കു സമീപം സുരക്ഷിതമായി തുടരാനുള്ള നിർദേശം. എംബസിയാണ് ഈ നിർദേശം നൽകിയത്. ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവർക്കാണു കൂടുതലായി അറിയുന്നത്.ആവശ്യക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാൻ എംബസി സജ്ജമാണ്. തീർഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പറുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചും അംബസിക്കു കൃത്യമായ ധാരണയുണ്ട്.

