ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനായി സ്പീക്കർ അനുമതി നിഷേധിച്ചു. സംസ്ഥാനം മയക്കുമരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലാണെന്നും ഇത്രയും ക്രൈം വര്‍ധിച്ച കാലം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.ക്രൂരമായ അക്രമങ്ങളാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. ഇതിനെ നേരിടാനുള്ള പ്ലാന്‍ ഓഫ് ആക്ഷന്‍ പൊലീസിനുണ്ടോയെന്നും വി ഡി സതീശന്‍ ചോദിച്ചു.സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനവും സ്‌പെഷ്യല്‍ ബ്രാഞ്ചും ദയനീയമായി പരാജയപ്പെട്ടു. ഇതര സംസ്ഥാനതൊഴിലാളികളുടെ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ഒന്നും കേരളത്തിന്റെ പക്കലില്ല. ഇന്‍വെസ്റ്റിഗേഷന് പോകുന്നതും ക്രമസമാധാന പാലയത്തിന് പോകുന്നതും പട്രോളിംഗിന് പോകുന്നതും എല്ലാം ഒരേ പൊലീസാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.