EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഗ്യാന്‍വാപി പള്ളിയില്‍ ബുധനാഴ്ച വരേ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി…

ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സര്‍വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാന്‍ പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതുവരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്‍പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിസ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.ഇന്നു രാവിലെ ഏഴുമണിക്കാണു പരിശോധന ആരംഭിച്ചത്. ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം വാദിച്ച സ്ഥലം ഒഴിവാക്കി പരിശോധന നടത്തി ഓഗസ്റ്റ് നാലിന് റിപ്പോര്‍ട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറാനായിരുന്നു തീരുമാനം. കഴിഞ്ഞവര്‍ഷം മെയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വിഡിയോ സര്‍വേയിലാണു ഈ ഭാഗത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്.ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂര്‍ണ സര്‍വേ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നല്‍കിയത്. കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. ശരിയായ വസ്തുതകള്‍ പുറത്തുവരാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്.കഴിഞ്ഞവര്‍ഷം മെയില്‍ നടത്തിയ വിഡിയോ സര്‍വേയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുള്‍പ്പെടുന്ന ഭാഗം (പള്ളിയില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സര്‍വേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാതിരിക്കാനായി രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണു സര്‍വേ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *