EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഉമ്മൻചാണ്ടിയുടെ അവസാനയാത്ര പുതുപ്പള്ളിയുടെ മണ്ണിൽ…

പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ കല്ലറയിൽ അന്ത്യ നിദ്രയിലായി. ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാമായിരുന്നി‌ട്ടും ജനസഞ്ചയം ചങ്കു പൊട്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, ആരു പറഞ്ഞു മരിച്ചെന്ന്.കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ മണ്ണോടു ചേർന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മലങ്കരകത്തോലിക്കാ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി അടക്കം സഹോദര സഭകളിൽ നിന്ന് അസംഖ്യം ഇടയന്മാരും സന്യസ്തരും സെന്റ് ജോർജ് പള്ളിയിൽ സന്നിഹിതരായിരുന്നു.
രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വച്ച് പ്രാർഥന ചൊല്ലി. 40 മിനിറ്റോളം ചടങ്ങുകൾ നീണ്ടു. 11:30 മണി കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി. വിദ്യാർഥി നേതാവായും യുവജന സംഘാടകനും നേതാവായും എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും യുഡിഎഫ് കൺവീനറായും മുഖ്യമന്ത്രിയായും ഇതൊന്നുമല്ലാതെയും പുതുപ്പള്ളിയുടെ മണ്ണിലൂടെ കാലുറപ്പിച്ചു നടന്നും സൈക്കിളിൽ ചുറ്റിത്തിരിഞ്ഞും ഇരുചക്ര വാഹനങ്ങളിലടക്കം ജനങ്ങൾക്കൊപ്പം സഹവസിച്ചും കഴിഞ്ഞ ആറര പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ കാവലാളായി നിന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യമില്ലാതെ പുതുപ്പള്ളി അർധരാത്രിയോടെ ഉറങ്ങി.എ.കെ. ആന്റണി, രാഹുൽ ​ഗാന്ധി, കെ. സുധാകരൻ, കെ.സി. വേണു ​ഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊ‌ടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി. വിഷ്ണു നാഥ് തുടങ്ങി നൂറു കണക്കിനു നേതാക്കളും അന്ത്യ ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചു.

ADVERTISEMENT

inner ad

Leave a Comment

Your email address will not be published. Required fields are marked *