
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ.എം.എസ് ഒരു കാലത്തും ഏക സിവില്‍ കോഡിന് എതിരായിരുന്നില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്റെ പുസ്തകത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടത്. ഇ.എം.എസിന്റെയും സി.പി.എം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി ഗോവിന്ദനും സി.പി.എമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ? സി.പി.എമ്മിന്റെ നയരേഖയിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാന്‍ സി.പി.എം തയാറാകുമോമെന്നും അദ്ദേഹം ആരാഞ്ഞു.
