
ആമസോണ്‍ കാട്ടില്‍ കുടുങ്ങിയ നാലു കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ബെല്‍ജിയം ഷെപ്പേര്‍ഡ് നായ ഇപ്പോഴും കാണാമറയത്ത് തന്നെ. വിമാനം തകര്‍ന്ന് കാട്ടിലകപ്പെട്ട കുട്ടികളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയെങ്കിലും വില്‍സനെ കാണാതാവുകയായിരുന്നു. തിരച്ചിലിനിടെ രണ്ടാഴ്ച മുമ്പാണ് നായയെ കാണാതായത്. കുട്ടികളെ ആദ്യം കണ്ടെത്തിയത് വില്‍സണായിരുന്നു. കുട്ടികള്‍ ഉപേക്ഷിച്ച പാല്‍ക്കുപ്പി കണ്ടെത്തിയതും വില്‍സണ്‍ തന്നെ. കുറച്ചു ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം ഒരു നായ ഉണ്ടായിരുന്നതായി കുട്ടികളും വെളിപ്പെടുത്തിയിരുന്നു. ഇടക്ക് അവശനായ വില്‍സണും സൈനികരും മുഖാമുഖം കണ്ടെങ്കിലും വിചിത്രമായ രീതിയില്‍ പെരുമാറി തിരിഞ്ഞുപോകുകയായിരുന്നു. പിന്നീട് കാട്ടില്‍ വഴിതെറ്റി. സങ്കീര്‍ണമായ ഭൂപ്രദേശവും ഈര്‍പ്പവും പ്രതികൂല കാലാവസ്ഥയും നായയെ വിഭ്രാന്തിയിലേക്ക് നയിച്ചിട്ടുണ്ടാവാമെന്നാണ് വിലയിരുത്തല്‍.