
ഹോട്ടല്‍ ഉടമയായ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിലിയും ഫര്‍ഹാനയും വര്‍ഷങ്ങളായി അടുപ്പത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍. മാത്രമല്ല, കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലിസ് പറയുന്ന ആഷിഖ് പട്ടാമ്പി പോലിസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണെന്നും വിവരങ്ങളുണ്ട്. ചളവറ സ്വദേശിനിയായ ഫര്‍ഹാന 2021ല്‍ വല്ലപ്പുഴ സ്വദേശിയായ ഷിബിലിക്കെതിരേ പോക്‌സോ കേസും നല്‍കിയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയും 2021 ജനുവരിയില്‍ പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് സ്‌റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. 2018ല്‍ നെന്മാറയില്‍ വഴിയോരത്തുവച്ച് പീഡിപ്പിച്ചെന്നായിരുന്നു ഷിബിലിക്കെതിരേ ഫര്‍ഹാനയും കുടുംബവും നല്‍കിയ കേസ്. പെണ്‍കുട്ടിക്ക് 13 വയസ്സ് പ്രായമുള്ളപ്പോഴാണ് സംഭവമെന്നു പറഞ്ഞ് മൂന്നുവര്‍ഷത്തിനു ശേഷമാണ് ഫര്‍ഹാനയുടെ കുടുംബം കേസ് കൊടുക്കുന്നത്. തുടര്‍ന്ന് ഷിബിലി ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷവും ഇവരുടെ സൗഹൃദം തുടര്‍ന്നു. മാത്രമല്ല, ഫര്‍ഹാനയ്‌ക്കെതിരേയും നാട്ടുകാരില്‍ പലരും പരാതികള്‍ പറയുന്നുണ്ട്. ബന്ധുവീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു. കാറല്‍മണ്ണയില്‍ ബന്ധുവീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹര്‍ഫാന സ്വര്‍ണവുമായി മുങ്ങിയതായും ആരോപണമുണ്ട്. അന്നും ഷിബിലിക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വല്ലപ്പുഴ സ്വദേശി ആഷിഖിനെതിരേ സിആര്‍പിസി 107ാം വകുപ്പ് പ്രകാരം പട്ടാമ്പി സി ഐ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ പട്ടാമ്പി, തൃത്താല, അഗളി പോലിസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ടെന്നാണ് വിവരം. സിദ്ദീഖിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഷിബിലിയും ഫര്‍ഹാനയും ചെന്നൈയിലേക്ക് പോയെങ്കിലും ആഷിഖ് നാട്ടില്‍ തന്നെയുണ്ടായിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഇതിനുപുറമെ, ഹോട്ടലുടമയുടെ എടിഎമ്മില്‍ നിന്ന് പണം തുടര്‍ച്ചയായി പിന്‍വലിച്ചതും പോലിസ് അന്വേഷണത്തിന് സഹായകമായി. ആഷിഖും കൊലപാക സമയത്ത് ഹോട്ടല്‍ പരിസരത്ത് ഉണ്ടായിരുന്നതായാണ് പോലിസ് നല്‍കുന്ന സൂചന. മൂന്നുപേരെ കൂടാതെ ഫര്‍ഹാനയുടെ സഹോദരനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.