
എത്രനാൾ ജീവിച്ചിരിക്കുമെന്നറിയില്ല, പക്ഷെ മരണം വരെ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് എകെ ആന്റണി. ഇന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന നെഹ്‌റു കുടുംബത്തെ ബിജെപി സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.ബഹുസ്വരതയും മതേരത്വവുമാണ് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നമ്മുടെ രാജ്യത്തിന്റെ പ്രാണവായുവായ ഈ അടിസ്ഥാനമൂല്യങ്ങൾ ദുർബലപ്പെടുത്താണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ഈ നീക്കം അൽപ്പം സാവകാശത്തിലായിരുന്നു എങ്കിലും പിന്നീട് രണ്ടാം മോഡി സർക്കാരിന്റെ കാലത്ത് ഈ നീക്കത്തിന് വേഗം കൂടി. ബിജെപിയും ആർഎസ്എസും നാനാത്വത്തിൽ ഏകത്വം എന്നതിൽ നിന്നും ഏകത്വത്തിലേക്ക് നീങ്ങണം എന്ന ഉറച്ച ശബ്ദത്തോട് കൂടെ എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കാനുള്ള തുടർച്ചയായ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യത്തിന്റെ ഐക്യത്തെ ദുർബലമാക്കുന്നു ജനങ്ങളുടെ ഐക്യം ഇല്ലാതാക്കുന്നു സമുദായങ്ങൾ തമ്മിലുള്ള ഐക്യം കൂടുതൽ കൂടുതൽ ശിഥിലമാക്കിക്കൊണ്ടരിക്കുന്നു . ഇത് ആപൽക്കരമായ അവസ്ഥയാണ്.ബിജെപിയുടെയും ആർഎസ്എസിന്റെയും ഈ വിനാശകരമായ നയങ്ങൾക്കെതിരെ എന്നും ശബ്ദമുയർത്തുമെന്നും എകെ ആന്റണി പറഞ്ഞു.