ഉല്‍സവസ്ഥലത്ത് യൂനിഫോമണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തു; എഎസ്‌ഐയ്ക്കു സസ്‌പെന്‍ഷന്‍…

ഉല്‍സവാഘോഷത്തില്‍ ഡ്യൂട്ടിക്കിടെ യൂനിഫോം അണിഞ്ഞ് മദ്യപിച്ച് നൃത്തംചെയ്തതിന് എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ എഎസ്‌ഐ കെ പി ഷാജിയെയാണ് ജില്ലാ പോലിസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയാണ് മദ്യപിച്ചെത്തിയ എഎസ്‌ഐ നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉല്‍സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എഎസ്‌ഐ. ഇതിനിടെ, തമിഴ് പാട്ട് കേട്ടതോടെ ജനക്കൂട്ടത്തിന് മുന്നില്‍വച്ച് പോലിസ് യൂനിഫോണില്‍ എഎസ്‌ഐ നൃത്തംചെയ്യുകയായിരുന്നു. മതിമറന്ന് നൃത്തം ചെയ്ത ഇദ്ദേഹത്തെ നാട്ടുകാര്‍ തന്നെ പിടിച്ചുമാറ്റുകയായിരുന്നു. നൃത്തംചെയ്യുന്ന വീഡിയോ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും മൂന്നാര്‍ ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ ഡ്യൂട്ടി സമയത്ത് മദ്യപിച്ചാണ് നൃത്തംചെയ്തതെന്ന് കണ്ടെത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും മൂന്നാര്‍ ഡിവൈഎസ്പിയുടെയും റിപോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് എഎസ്‌ഐയെ ജില്ലാ പോലിസ് മേധാവി സസ്‌പെന്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *