നിയമസഭ ഇന്നും പ്രക്ഷുബ്‌ധം.നടുത്തളത്തിൽ പ്രതിപക്ഷ എം.എൽ.എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഉമ തോമസ്,ടി.ജെ വിനോദ്, അൻവർ സാദത്ത്, എകെഎം അഷ്റഫ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് സത്യാഗ്രഹം ആരംഭിച്ചത്. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. എന്നാൽ, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ഭരണപക്ഷം നൽകിയിട്ടുമില്ല. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. അതേസമയം പ്രതിപക്ഷത്തിന്റെ നിലപാട് കേരളാ നിയമസഭക്ക് യോജിക്കാത്തതാണെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.