ഇന്ത്യൻ കായികരംഗത്ത് ഒരുതലമുറയ്ക്കാകെ പ്രചോദനമായി നിറഞ്ഞുനിന്ന ടെന്നീസ് താരം സാനിയ മിർസ കളിക്കളം വിട്ടു. ദുബായ് മാസ്‌റ്റേഴ്സ് ഓപ്പൺ ടെന്നീസിൽ തോൽവിയോടെയാണ് മടക്കം. വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ അമേരിക്കയുടെ മാഡിസൺ കീസുമൊത്ത് മുന്നേറാനായില്ല. റഷ്യയുടെ വെറോണിക്ക കുഡർമെറ്റൊവ–-ലുഡ്‌മില സാംസനോവ സഖ്യം 6–-4, 6–-0 സ്‌കോറിന് ജയിച്ചുകയറി. ഈ വേദിയിൽ സാനിയ രണ്ടുതവണ ഫൈനൽ കളിച്ചിട്ടുണ്ട്. ദുബായ് ഓപ്പൺ അവസാനത്തേതാകുമെന്ന് മുപ്പത്താറുകാരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. രണ്ടുപതിറ്റാണ്ടുനീണ്ട പ്രൊഫഷണൽ ടെന്നീസ് ജീവിതം ആസ്വദിച്ചെന്ന് സാനിയ പറഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണായിരുന്നു അവസാനത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റ്. കഴിഞ്ഞമാസം നടന്ന ടൂർണമെന്റിൽ മിക്‌സഡ് ഡബിൾസ് ഫൈനലിൽ ബ്രസീലിയൻ ജോടിയായ ലൂയിസ സ്‌റ്റെഫാനി–-റാഫേൽ മറ്റോസിനോട് 6–-7, 2–-6ന് തോറ്റു. അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കിരീടത്തോടെ വിടവാങ്ങാനുള്ള മോഹം സാധിച്ചില്ല. മെൽബണിലെ ഈ വേദിയിലാണ് 2005ൽ 18–-ാംവയസ്സിൽ അരങ്ങേറിയത്. അന്ന് മൂന്നാംറൗണ്ടിൽ സെറീന വില്യംസിനോട് തോറ്റ് മടങ്ങുകയായിരുന്നു. ആറ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ സ്വന്തമായുള്ള സാനിയ 91 ആഴ്‌ച ഡബിൾസിൽ ഒന്നാംറാങ്കുകാരിയായി. വിവിധ ടൂർണമെന്റുകളിലായി 43 ഡബിൾസ് കിരീടങ്ങൾ നേടി.