ഇടതു മുന്നണി സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും അശാസ്ത്രീയവും അസഹനീയവുമായ നികുതി നിർദേശങ്ങളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചു. നാല് എംഎൽഎമാർ സഭയ്ക്കുള്ളിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പെട്രോളിയം സെസ് പിൻവലിക്കുന്നതു വരെ സമരം തുടരും. യൂത്ത് കോൺഗ്ര് പ്രസിഡന്റ് ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ. മഹേഷ്, നജീബ് കാന്തപുരം എന്നീ യുവ എംഎൽഎമാരാണ് അനിശ്ചിതകാലത്തേക്ക് സത്യഗ്രഹം തുങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സത്യഗ്രഹികളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്കു മാർച്ച് നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ നിന്നു തുടങ്ങിയ മാർച്ച് നിമസഭയിലേക്കു നീങ്ങി. സമരത്തിൽ പങ്കെടുത്ത പ്രവർത്തകർ ഒരു ഇരുചക്ര വാഹനത്തിനു തീയിട്ടു. നേരത്തേ കരുതി വച്ചിരുന്ന വാഹനത്തിനാണ് പ്രതിഷേധക്കാർ തീയിട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.സി. വിഷ്ണു നാഥ് തുടങ്ങിയവർ പങ്കെടുത്തു. പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചു.