
ഒരു സിനിമ നിർമിക്കാൻ ശരാശരി മൂന്നു മുതൽ അഞ്ച് കോടി രൂപവരെയാണ് ചിലവ്. ചില സിനിമകളുടെ ബജറ്റ് 15 മുതൽ 25 കോടി വരെയാണ്. 62 സിനിമകൾക്കായി സിനിമ വ്യവസായം ചിലവിട്ടത് 250 മുതൽ 300 കോടി രൂപയാണ്. നിർമാതാക്കളുടെ സംഘടനയുടെ കണക്ക് പ്രകാരം നഷ്ടം ഏകദേശം -250 കോടിയിലധികം വരും. തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ട ചില സിനിമകളുടെ നഷ്ടഭാരം കുറച്ചത് ഒടിടിയാണ്. എന്നാൽ സിനിമകൾ തിയറ്ററിലെത്തിയ ശേഷം മാത്രം വാങ്ങിയാൽ മതിയെന്ന ഒടിടി കമ്പനികളുടെ പുതിയ നിലപാട് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇപ്പോൾ തന്നെ പല ചെറിയ സിനിമകൾക്കും ഒടിടി ലഭിക്കുന്നില്ല.
നിലവിലെ പ്രതിസന്ധി ഏറ്റവും ബാധിച്ചത് തിയറ്ററുകളെയാണ്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഭൂരിപക്ഷം തിയറ്ററുകളിലും കാണികളില്ല. തുടർച്ചയായി ‘ഷോ ബ്രേക്ക്’ വരുന്നു. പല സിനിമകളുടെ ആദ്യ ദിനത്തിൽ ആദ്യ ഷോ പോലും നടക്കാത്ത സ്ഥിതി. വലിയ പ്രതീക്ഷ നൽകി എത്തിയ ചിത്രങ്ങൾ വലിയ നഷ്ടം നേരിട്ടു. തിയറ്ററിലെത്തിയ 40 ഓളം സിനിമകളുടെ ആയുസ്സ് ഒരാഴ്‌ചയിൽ താഴെയായിരുന്നു. അതേസമയം കെജിഎഫ് 2, ആർആർആർ, വിക്രം, ചാർലി 777 അടക്കം പല അന്യഭാഷ സിനിമകൾ തിയറ്ററിൽ നിറഞ്ഞോടി. ഹോളിവുഡ് സിനിമകൾക്കും വലിയ സ്വീകാര്യത ലഭിച്ചു.സിനിമകൾക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിൽ മാത്രം തിയ്യറ്ററിലേക്ക് എന്ന നിലയിലേക്ക് മലയാളി പ്രേക്ഷകർ മാറിയിരിക്കുന്നു. അവിടെയും ഉള്ളടക്കത്തിൽ വ്യത്യസ്തതയും മികവും പുലർത്തുന്ന സിനിമകൾക്ക് കാഴ്‌ചക്കാരുണ്ടാകുന്നുണ്ട് എന്നത് ആശ്വാസകരമാണ്.