
തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് റിപ്പോർട്ടുകൾ. 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ നാൽപത് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു. അവരുടെ കുടുംബത്തിലെ അംഗം എന്ന നിലയിലാണ് നഷ്തടപരിഹാര തുക നൽകുന്നതെന്നും ഈ ഘട്ടത്തിൽ ബന്ധുക്കൾക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.
