കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്.കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റ്, അനക്സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിയത്തില്‍ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.സെക്രട്ടറിയേറ്റിന്റെ നിര്‍മാണ ചാരുത വിളിച്ചറിയിക്കുന്ന തരത്തില്‍ വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബലൂണുകള്‍ രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ഭംഗി പകരും. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ വിവിധതരം പൂക്കളുടെ ആകൃതിയിലാണ് ദീപാലങ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഏഴു ദിവസങ്ങളിലായി 42 വേദികളില്‍ നിറഞ്ഞാടുന്ന കേരളീയത്തെ ഹരിത സൗഹൃദമാക്കാന്‍ സദാ ജാഗ്രതയോടെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു നടത്തുന്ന പരിപാടിയില്‍ ഇത് ഉറപ്പാക്കാന്‍ വന്‍ വളന്റിയര്‍ സംഘവും ഹരിതകര്‍മസേനയും രംഗത്തുണ്ട്. കേരളീയത്തിന്റെ ഭാഗമായുള്ള എക്സിബിഷന്, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സമിതി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.വേദികള്‍, സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ബാനറുകളും നിര്‍ദേശ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും തുണി, ചണം മുതലായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.പ്രദര്‍ശന-വിപണന മേളകളിലും ഫുഡ് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സ്റ്റോര്‍ ഉടമകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍, ക്യാരിബാഗുകള്‍ എന്നിവയ്ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുകയും തുണിസഞ്ചി ഉപയോഗിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.ഫുഡ് സ്റ്റാളുകളില്‍നിന്ന് ആഹാരം പാഴ്സല്‍ നല്‍കുന്നതിന് പ്രകൃതി സൗഹൃദ പാത്രങ്ങള്‍, സഞ്ചികള്‍ എന്നിവ ഉപയോഗിക്കണം, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതത് സ്റ്റാളുകളില്‍ ഉടമകള്‍ തന്നെ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം തുടങ്ങി ഗ്രീന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട നിരവധി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സമിതി നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.
ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ വളണ്ടിയര്‍മാരെയും ഹരിത കര്‍മ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്. അതത് ദിവസങ്ങളിലെ ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മാലിന്യ സംസ്കരണ സംവിധാനത്തിലേക്ക് മാറ്റാന്‍ തിരുവനന്തപുരം നഗരസഭയും സജീവമായി രംഗത്തുണ്ട്. എല്ലാ വേദികളിലും നിരവധി ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളീയം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കും ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
*കേരളീയം വേദിയില്‍ ഉണര്‍വ് ക്യാമ്പയിന് തുടക്കമായി*
കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയായ ഉണര്‍വ് ക്യാമ്പയിന് കേരളീയം വേദിയില്‍ തുടക്കമായി.നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം ജില്ലയിലെ അന്‍പത് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി.സംസ്ഥാന ഊര്‍ജ വകുപ്പും എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടിയാണ് ഉദ്ഘടനം ചെയ്തത്. മന്ത്രി വി. ശിവന് കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന് , ഡി.കെ.മുരളി എന്നിവരും പരിപാടിയില്‍ പങ്കാളികളായി.ഊര്‍ജ സംരക്ഷണ പദ്ധതിയായ ഉണര്‍വ് ക്യാമ്പയിന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമീപം.
*കേരളീയം: നഗരത്തില്‍ വന്‍ സുരക്ഷയൊരുക്കി പോലീസ്*
കേരളീയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്‍ സന്നാഹങ്ങളുമായി പോലീസ്. 1,300 പോലീസ് ഉദ്യോഗസ്ഥരെയും 300 എന്‍.സി.സി വോളണ്ടിയര്‍മാരേയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാപദ്ധതി ആണ് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ളത്.സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നാല് എസ്.പി, 11 എ.സി.പി, 25 ഇന്‍സ്പെക്ടര്‍, 135 എസ്.ഐ, 905 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കൂടാതെ 300 എന്‍.സി.സി. വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍സംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്.ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡും ഡോഗ് സ്ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പോലിസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പോലിസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസിന്റെ നാല് ഡ്രോണുകള്‍ സദാ നിരീക്ഷണം നടത്തുന്നുണ്ട്.കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പോലീസിന്റെയും സ്മാര്‍ട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താത്കാലിക സി.സി. ടിവി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. താത്ക്കാലിക ക്യാമറാ ദൃശ്യങ്ങള്‍ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പോലീസ് കണ്ട്രോള് റൂമില്‍ ഇരുന്ന് തത്സമയം കാണാനുമാകും.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ പ്രധാന വേദികളിലും പോലിസ് എയിഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് കണ്ട്രോള് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ വേദികളില്‍ അരങ്ങേറുന്ന കേരളീയം പരിപാടി ആസ്വദിക്കാന്‍ ഒരു ദിവസം എത്തുന്നത് 20 സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും. ‘ഉണര്‍വ്’ ഊര്‍ജ സംരക്ഷണ പരിപാടിയുടെ ഭാഗമായി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ.എം.സി) ആണ് തിരുവനന്തപുരം ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കൊല്ലം ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നേതൃത്വം വഹിക്കുന്നത്.’125 സ്കൂളുകളില്‍ നിന്നായി 7,500 വിദ്യാര്‍ത്ഥികളെ കേരളീയം വേദികളില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ആദ്യ ദിനം 15 സ്കൂളുകളില്‍ നിന്നും 950 വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. നഗരത്തിനു പുറത്തുള്ള കുട്ടികള്‍ക്ക് കേരളീയം അനുഭവവേദ്യമാക്കലാണ് ലക്ഷ്യം,’ ഇ.എം.സി രജിസ്ട്രാര്‍ ബി.വി സുഭാഷ്ബാബു പറഞ്ഞു. യാത്രചെലവായി ഓരോ സ്കൂളിനും 2,500 രൂപയാണ് ഇ.എം.സി. നല്‍കുന്നത്.ഒരുദിവസം കൊണ്ട് കഴിയുന്നത്ര വേദികള്‍ സന്ദര്‍ശിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും. ഓരോ വേദിക്ക് മുന്നിലും വരിനിന്ന് അധ്യാപകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു വിസ്മയക്കണ്ണുകള്‍ തുറന്ന് അവര്‍ മനം നിറയെ അറിവിന്റെയും ആഹ്ലാദത്തിന്റെയും കാഴ്ചകള്‍ കാണുന്നു. ‘കേരളീയത്തിന്റെ ഓരോ വേദിയും ഗംഭീരം. മ്യൂസിയവും മൃഗശാലയും കൂടി കണ്ടു മടങ്ങാനാണ് ഞങ്ങളുടെ തീരുമാനം,’ കിളിമാനൂര്‍, വെട്ടിയറ ഗവണ്മെന്റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥിനി ശ്രുതി എസ്. പറഞ്ഞു.
കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എല്‍.എം.എസ്. കോമ്പൗണ്ടില്‍ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യല്‍ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. എല്‍.എം.എസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്കി സംസ്ഥാന മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പെറ്റ് ഫുഡ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കൂടുതല്‍ വളര്‍ത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസ്സിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി ചെയര്മാന് എ.എ റഹീം എം.പി പറഞ്ഞു.ഫുഡ് ഫെസ്റ്റിവെല്‍ കമ്മിറ്റി കണ്‍വീനര്‍ ശിഖാ സുരേന്ദ്രന് മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടര്‍മാരായ ഡോ. വിനു, ഡോ. കെ. സിന്ധു, എല്‍.എം.ടി.സി പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ. റെനി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അരുണോദയ, ഫുഡ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സജിത് നാസര്‍, കമ്മിറ്റി ചെയര്മാന് ഐ.പി. ബിനു എന്നിവര്‍ പ്രസംഗിച്ചു. പെറ്റ് ഫുഡ് ഫെസ്റ്റിവല്‍ കണ്‍വീനര്‍ ടി.ടി. ആശ സ്വാഗതവും കുടപ്പനക്കുന്ന് എല്‍.എം.ടി.സി. വെറ്ററിനറി സര്ജന് നായര്‍ എം. ശ്രീജ നന്ദിയും പറഞ്ഞു.