നേപ്പാളിൽ വെള്ളിയാഴ്‌ച അർധരാത്രിയുണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ജാജർകോട്ട് ജില്ലയിലെ ലാമിഡാൻഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ അറിയിച്ചു. സമീപ ജില്ലകളിൽ നിന്ന് കെട്ടിടങ്ങൾ തകർന്നതിന്റെയും ആളുകൾക്ക് പരിക്കേറ്റതിന്റെയും വാർത്തകൾ വരുന്നുണ്ടെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടു. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
*മലയാള സിനിമാചരിത്രം വരച്ചിട്ട് ചലച്ചിത്ര അക്കാദമിയുടെ പ്രദര്‍ശനം*
മലയാള സിനിമാചരിത്രവും നേട്ടങ്ങളും രേഖപ്പെടുത്തി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ‘മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് മാസ്റ്ററോ: വിഷ്വല്‍ ലെഗസി ഓഫ് മലയാളം സിനിമ’ പ്രദര്‍ശനം. മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയല്‍, ആദ്യ നിശബ്ദ ചിത്രം വിഗതകുമാരന്‍, ആദ്യ ശബ്ദ ചിത്രം ബാലന്‍ തുടങ്ങി നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ച് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദര്‍ശനം കേരളീയത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ഗവേഷകനും കലാസംവിധായകനുമായിരുന്ന സാബു പ്രവദാസ്, നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര പത്ര പ്രവര്‍ത്തകനുമായ ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാര്‍.ദേശീയ-രാജ്യാന്തര തലത്തില്‍ മലയാള സിനിമയുടെ യശസുയര്‍ത്തിയ വ്യക്തികള്‍, സിനിമകള്‍ എന്നിവയുടെ ചിത്രങ്ങള്‍, വിവരണങ്ങള്‍ എന്നിവയ്ക്കൊപ്പം പഴയകാല പാട്ടുപുസ്തകങ്ങള്‍, നോട്ടീസ്, അറുപതുകളിലെ ചലച്ചിത്ര മാസികകള്‍, സിനിമ പോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍, പരിപാലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകള്‍ എന്നിവ നേരിട്ട് ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, എല്ലാദിവസവും വൈകിട്ട് 4.30 മുതല്‍ ആറു വരെ ഓമനകളായി വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികള്‍, പരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസുകളും നയിക്കും.സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടേയും, പക്ഷികളുടേയും തീറ്റ വസ്തുക്കളുടെയും പ്രദര്‍ശന- വിപണനം എന്നതിലുപരി അവയെ വളര്‍ത്തുന്നവരുടെ കടമകളും, സാമൂഹിക പ്രതിബദ്ധതയും ഓര്‍മ്മപ്പെടുത്തുകയും, മൃഗക്ഷേമം ഉറപ്പാക്കി തീറ്റ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍, ജന്തുജന്യരോഗങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മൃഗങ്ങളെ വളര്‍ത്തുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
*മത്തങ്ങാ ചോറുണ്ട് , കിഴങ്ങു പായസമുണ്ട് എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ അടിപൊളി*
കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്‌സിറ്റി കോളജില്‍ ഒരുക്കിയ എത്‌നിക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഔഷധഗുണങ്ങളും വേറിട്ട രുചികളുമായാണ് സംസ്ഥാനത്തെ വിവിധ ആദിവാസി മേഖലകളില്‍നിന്നു കേരളീയത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തിയത്. ഉള്‍വനത്തില്‍നിന്നു ശേഖരിച്ച പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, ഇല, പൂവ്, കൂണുകള്‍ തുടങ്ങിയ തനത് സസ്യ വര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം വിഭവങ്ങളും ഒരുക്കിയിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് സന്ദര്‍ശകരെ ഈ പവലിയനില്‍ കാത്തിരിക്കുന്നത്. നെടുവന്‍ കിഴങ്ങ്, മുളക് കഞ്ഞി, കവലാന്‍ കിഴങ്ങ് പായസം- പുഴുക്ക് തുടങ്ങിയവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. അട്ടപ്പാടിയില്‍നിന്നുള്ള 108 സസ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് കാപ്പി വെറും 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒപ്പം ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തേന്‍, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതു വിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും 30 രൂപയ്ക്കാണു ലഭിക്കുന്നത്. തനിമ എന്നു പേരുള്ള ഭക്ഷണ ശാലയിലെ പറണ്ടക്കയും കുത്തരിയും ചേര്‍ത്തുണ്ടാക്കിയ പായസം രുചികരവും ആരോഗ്യദായകവുമാണ്.തേന്‍ നെല്ലിക്ക, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ മാങ്ങായിഞ്ചി, തേന്‍ ഡ്രൈഫ്രൂട്ട്‌സ്, തേന്‍ നെല്ലിക്ക സിറപ്പ്, തേന്‍ മുന്തിരി, വയനാട്ടില്‍ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചില്‍ ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാന്‍, കവല എന്നീ കിഴങ്ങുകള്‍ ഉപയോഗിച്ചുള്ള അട, ഇലക്കറികള്‍, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിഭവങ്ങളാണ് നിരയിടുന്നത്. ഗോത്രവര്‍ഗസമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോവുന്ന സാഹചര്യം ഒഴിവാക്കി കാടിന്റെ തനത് രുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കാന്‍ കൂടിയാണ് കേരളീയം എത്നിക് ഫുഡ്ഫെസ്റ്റിവലിലൂടെശ്രമിക്കുന്നത്.
*വ്യവസായ കേരളത്തിന്റ വളര്‍ച്ചയുടെ കഥയുമായി കേരളീയം ‘ചരിത്ര മതില്‍…
സംസ്ഥാനത്തിന്റെ, 1956 മുതലുള്ള വ്യാവസായികരംഗത്തെ ചരിത്രനിമിഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് കേരളീയം. ഓരോ വര്‍ഷങ്ങള്‍ക്കുമുണ്ട് ഓരോരോ രേഖപ്പെടുത്തലുകള്‍. കേരളീയത്തിന്റെ ഭാഗമായി വ്യവസായവകുപ്പ് ഒരുക്കിയ ‘ചരിത്ര മതില്‍’ അത്തരത്തില്‍ ഒരു രേഖപ്പെടുത്തലാണ്.കേരളപ്പിറവി മുതല്‍ നാളിതുവരെ വ്യവസായവകുപ്പ് കൈയൊപ്പ് ചാര്‍ത്തിയ ചരിത്രനിമിഷങ്ങള്‍ ‘ചരിത്രമതിലാ’യി പുത്തരിക്കണ്ടം മൈതാനത്ത് ഉയര്‍ന്നുനില്‍ക്കുന്നു. 2022ല്‍ പുറത്തിറങ്ങിയ സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ നയം വരെയുള്ള ചരിത്രം ഈ മതിലില്‍ നിന്നു വായിച്ചെടുക്കാം.സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സിഡ്‌കോ എന്നിവയെല്ലാം സ്ഥാപിച്ച ചരിത്രം മതിലിന്റെ ഭാഗമാണ്. കൈത്തറി, ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവയുടെ തുടക്കം സംരംഭകവര്‍ഷം: ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ എന്ന പദ്ധതി തുടങ്ങി വകുപ്പിന്റെ നാഴിക കല്ലുകള്‍ ഓരോന്നും വര്‍ഷങ്ങള്‍ ഉള്‍പ്പെടെ അക്കമിട്ട് നിരത്തിയിട്ടുണ്ട് ചരിത്രമതിലില്‍. പുത്തരിക്കണ്ടം മൈതാനത്ത് വ്യവസായ മേളയുടെ പ്രവേശന കാവടത്തിനരികെയാണ് വ്യവസായചരിത്ര മതില്‍ ഒരുക്കിയിരിക്കുന്നത്.
*വേദികളില്‍നിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസില്‍ സൗജന്യമായി പോകാം*
കേരളീയം കാണാന്‍ തലസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തുമണിവരെ കെഎസ്ആര്‍ടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയിട്ടുള്ളത്. ഇതിനായി 20 ബസുകളാണ് കെഎസ്ആര്‍ടിസിയില്‍നിന്നു ലഭ്യമാക്കിയിട്ടുള്ളത്.ആദ്യ രണ്ടു ദിവസങ്ങളിലായി കേരളീയത്തിന്റെ വിവിധ വേദികളില്‍ എത്തിയ ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ ഇതുവഴി സാധിച്ചതായി കേരളീയം ഗതാഗത കമ്മിറ്റി അറിയിച്ചു. ആദ്യ ദിനമായ നവംബര്‍ ഒന്നിന് കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെ 10 ബസ്സുകള്‍ 36 സര്‍വീസുകളും കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 10 ബസുകള്‍ 25 സര്‍വീസുകളുമാണ് നടത്തിയത്. രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ചു ബസുകള്‍ കൂടി അനുവദിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.കേരളീയത്തിന്റെ വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലേക്കെത്താന്‍ എവിടെ എത്തണം എന്നത് സംബന്ധിച്ച റൂട്ടു മാപ്പും ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണ, വോളണ്ടിയര്‍, ട്രേഡ് ഫെയര്‍ കമ്മിറ്റികള്‍ക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
*പഞ്ചവര്‍ണ പുട്ട് മുതല്‍ ഫിഷ് നിര്‍വാണ വരെ; 50 ശതമാനം വിലക്കിഴിവില്‍ പഞ്ചനക്ഷത്ര വിഭവങ്ങള്‍*
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേളയില്‍ പങ്കെടുക്കുന്നത് കേരളത്തിലെ അഞ്ചു പ്രമുഖ സ്ഥാപനങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒരുക്കുന്ന ഭക്ഷ്യമേളയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പങ്കെടുക്കുന്നത്. ഹൈസിന്ത്, ഗോകുലം, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍ട്ടണ്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് സാധാരണ നിരക്കില്‍ നിന്നും അന്‍പതു ശതമാനത്തിലധികം വിലക്കിഴിവില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നത്. ഈ സ്റ്റാളുകളെല്ലാം നവംബര്‍ ഏഴു വരെ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.പുട്ട് വന്ന വഴിയുടെ ചരിത്രം വിശദീകരിച്ച് ‘പുട്ടോപ്യ’ എന്ന പേരില്‍ വൈവിധ്യങ്ങളായ പുട്ടുകളുടെ മെനുവുമായാണ് കെ.ടി.ഡി.സിയുടെ മാസ്‌കോട്ട് ഹോട്ടല്‍ ശ്രദ്ധേയമാകുന്നത്. റാഗി, ചോളം, ഗോതമ്പ്, ബീറ്റ്‌റൂട്ട്, പ്ലെയിന്‍ എന്നിങ്ങനെ അഞ്ച് വിഭവങ്ങള്‍ കൊണ്ടുണ്ടാക്കിയ പഞ്ചവര്‍ണപ്പുട്ട് മുതല്‍ ചിക്കന്‍ ബിരിയാണി പുട്ട്, ബട്ടര്‍ ചിക്കന്‍, മട്ടണ്‍ മസാല, ബീഫ് ഉലര്‍ത്തിയ പുട്ടുകള്‍, ഫിഷ് മോളി പുട്ട്, വെജ് മപ്പാസ് പുട്ട്, ചോക്ലേറ്റ്- സ്‌ട്രോബറി പുട്ടുകള്‍ വരെ കിടിലന്‍ വൈവിധ്യങ്ങളാണ് പുട്ട് സ്‌നേഹികളെ കാത്തിരിക്കുന്നത്.
കിനോവ റോള്‍, ചാര്‍ക്കോള്‍ സ്റ്റീം ബൗ ബണ്‍, പിസ്റ്റാചിയോ ആന്‍ഡ് ഒലിവ് ഓയില്‍ കേക്ക് തുടങ്ങിയ സിഗ്നേച്ചര്‍ വിഭവങ്ങളുമായാണ് ഹില്‍ട്ടണ്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. വാഴപ്പൂ കട്‌ലറ്റ്, ഇളനീര്‍ പുഡിംഗ് മുതല്‍ സിഗ്നേച്ചര്‍ വിഭവമായ ഫിഷ് നിര്‍വാണ, പാല്‍ക്കട്ടി നിര്‍വാണ വരെ ലീല റാവിസിന്റെ മെനുവിലുണ്ട്. ഒപ്പം മീന്‍ പൊരിച്ച് പുരട്ടിയത്, കാന്താരി ബീഫ് റോസ്റ്റ്, കൂണ്‍ ഇലയട, ചെമ്മീന്‍ കക്കന്‍- ഇങ്ങനെ നീളുന്ന വിഭവങ്ങള്‍.ദാള്‍ കച്ചോരിയും ചിക്കന്‍ ഫ്രൈഡ് റൈസുമാണ് ഹൈസിന്തിന്റെ സവിശേഷ വിഭവങ്ങള്‍. പാല്‍കപ്പ വിത്ത് ഫിഷ് ആന്‍ഡ് ബീഫാണ്
ഗോകുലം ഗ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ വിഭവം. കൂടാതെ ഇറച്ചിപത്തിരി, ചട്ടിപത്തിരി, ഉന്നക്കായ, ഇലാഞ്ചി എന്നിവയും സ്വാദ് കൂട്ടാനുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് സമാനമായ രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. ബയോ ഡീഗ്രേഡെബിള്‍ പാക്കിംഗ്, പേപ്പര്‍ ബാഗ് തുടങ്ങിയവയും ഉറപ്പാക്കി സമ്പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാണ് മേള പുരോഗമിക്കുന്നത്.