
ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ സുരക്ഷ ഉറപ്പാക്കി സി.സി.ടി.വി വലയം …
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പോലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450-നടുത്ത് സി.സി.ടി.വി. ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകള്‍ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാണ്.പോലീസ് സംവിധാനത്തിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90-നടുത്ത് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. തീര്‍ത്ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് 345 ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നു. മരക്കൂട്ടം, നടപ്പന്തല്‍, സോപാനം, ഫ്ളൈ ഓവര്‍, മാളികപ്പുറം, പാണ്ടിത്താവളം ഉള്‍പ്പെടെയുള്ള പരമാവധിയിടങ്ങള്‍നിരീക്ഷണ പിരിധിയില്‍ കൊണ്ടുവരും വിധമാണ് ദേവസ്വം ബോര്‍ഡ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പോലീസും ദേവസ്വം ബോര്‍ഡും പരസ്പരം സഹകരിച്ച് വിവരങ്ങള്‍ പങ്കുവെക്കുകയും സംയുക്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ പഴുതടച്ച സുരക്ഷാ നിരീക്ഷണം സാധ്യമാക്കുന്നത്.
ഈ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ആവശ്യമെങ്കില്‍ പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ക്ക് സാധിക്കും. ഇത് ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നു.

ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു.
സ്‌പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്.

വൈകീട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11516 പേരാണ് സ്‌പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്.
ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്.
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാൽ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍
അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്.കഴിഞ്ഞ 10 വര്‍ഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാള്‍ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ.

പുലര്‍ച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാല്‍ കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടര്‍ന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രര്‍ത്ഥനാ പൂര്‍വ്വമുള്ള പാല്‍ കറന്നെടുക്കല്‍. രണ്ടുമണിയോടെ കറവ പൂര്‍ത്തിയാക്കി, പാല്‍ സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്.
വന്‍ തീര്‍ത്ഥാടനത്തിരക്കുള്ള ശബരിമലയില്‍ അതൊന്നും ബാധിക്കാതെ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാലയുടെ പ്രവര്‍ത്തനം. വെളിച്ചവും ഫാനും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഗോശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്കൊപ്പം ഒരു ആടും ഇപ്പോള്‍ അതിഥിയായി ഇവിടെ കഴിഞ്ഞുവരുന്നുണ്ട്.
