EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കേരളീയത്തിന്റെ ആവേശം നിറച്ച്  നഗരത്തിൽ പുലികളിറങ്ങി…

അനന്തപുരിയുടെ നഗരവീഥികളിൽ കേരളീയത്തിന്റെ ആവേശം നിറച്ച് പുലികളിറങ്ങി.കേരളീയം 2023 ന്റെ അവസാന വട്ട വിളംബരത്തിന്റെ ഭാഗമായി അരങ്ങേറിയ പുലികളിയുടെ ഉദ്ഘാടനംകനകക്കുന്ന് പാലസിനു സമീപത്തെ പുൽത്തകിടിയിൽ കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറും ധനകാര്യ വകുപ്പു മന്ത്രിയുമായ കെ.എൻ.ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻ കുട്ടി,മന്ത്രിമാരായ ജി.ആർ. അനിൽ,ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു.

കനകക്കുന്നിൽ നിന്ന് ചെണ്ട മേളത്തിനൊപ്പം ചുവടുവെച്ച പുലികൾ മ്യൂസിയം ജംക്ഷനിലും കോർപ്പറേഷൻ മുറ്റത്തും പാളയത്തും അരങ്ങു തകർത്തു.മാനവീയം വീഥിയിലാണ് പുലികളി സമാപിച്ചത്.ഓരോ ജംക്ഷനിലും ആവേശകരമായ സ്വീകരണമാണ് കേരളീയം പുലികളിക്ക് ലഭിച്ചത്.തൃശൂരിൽ നിന്നെത്തിയ 20 അംഗ പുലികളി സംഘമാണ് നഗരത്തിൽ  കേരളീയത്തിന്റെ ആവേശം നിറച്ചത്.ഓണക്കാലത്ത് തൃശൂർ സ്വരാജ് റൗണ്ടിൽ കളിക്കിറങ്ങുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തിയത്.ഐ.ബി.സതീഷ് എം.എൽ.എ.,കേരളീയം സംഘാടക സമിതി ജനറൽ കൺവീനർ എസ്.ഹരികിഷോർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേരളീയത്തിന്റെ ആദ്യ എഡിഷന്‍ നാളെ(നവംബർ – 01) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ലോകത്തിന് മുന്നില്‍ കേരളത്തിന്റെ വാതായനങ്ങള്‍ തുറന്നിടുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം കാബിനറ്റ് ഉപസമിതി കണ്‍വീനറുമായ കെ.എൻ.ബാലഗോപാൽ.മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളീയം ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം കനകക്കുന്ന് പാലസിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു എന്നിവര്‍ ധനകാര്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്ന പരിപാടിയാണ് കേരളീയം.ഇതിനോടകം കേരളീയം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.കേരളത്തിനകത്ത് നിന്നും പുറത്തും നിന്നും ലക്ഷക്കണക്കിന് ആളുകൾ കേരളീയം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെമിനാറുകളില്‍ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധരാണ് പങ്കെടുക്കുന്നത്.അമര്‍ത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവര്‍ കേരളീയത്തില്‍ പങ്കാളികളാകും. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും അടക്കമുള്ള സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പങ്കെടുക്കുമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
കേരളീയത്തിന്റെ സംഘാടനത്തിന് എല്ലാ മേഖലകളില്‍ നിന്നും മികച്ച സഹകരണമുണ്ടായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.20 കമ്മിറ്റികളും നന്നായി പ്രവര്‍ത്തിച്ചു.ഒരു വര്‍ഷത്തെ തയ്യാറെടുപ്പ് വേണ്ട ബൃഹദ് പരിപാടി വെറും 75 ദിവസം കൊണ്ടാണ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന പരിപാടിയില്‍ 10,000 പേര്‍ പങ്കെടുക്കും. 25 സെമിനാറുകളിലായി 25,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് സെമിനാറുകള്‍.  കേരളീയം കാണാന്‍ ദിവസവും ശരാശരി അരലക്ഷം പേരെത്തുമെന്നും മന്ത്രി പറഞ്ഞു.എല്ലാ വേദികളിലും നടക്കുന്ന പരിപാടികള്‍ കണ്ടു തീര്‍ക്കാന്‍ ഒരാഴ്ച വേണ്ടിവരും. 42 വേദികളിലും പ്രവേശനം സൗജന്യമാണ്- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.കേരളീയത്തില്‍ ചര്‍ച്ചകള്‍ക്ക് മാത്രമായി 100 മണിക്കൂറിലേറെ മാറ്റിവെച്ചിട്ടുണ്ടെന്നും ഇതുവഴി ഭാവികേരളത്തിന് ഏറ്റവും പ്രയോജനകരമായ ഒരു പരിപാടിയായി കേരളീയം മാറുമെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിലാണ് ഗതാഗത ക്രമീകരണം വരുത്തിയിട്ടുള്ളതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.വലിയ ജനക്കൂട്ടം എത്തുന്നതിനാല്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കെ എസ് ആർ ടി സി യുടെ സൗജന്യ സര്‍വീസ് പരമാവധി ഉപയോഗപ്പെടുത്തണം.സ്വകാര്യ വാഹനങ്ങൾ ഈ സമയത്ത് പരമാവധി ഒഴിവാക്കണം.കേരളീയം വേദികള്‍ക്കിടയില്‍ സൗജന്യ സര്‍വീസ് നടത്തുന്ന 20 ലധികം ഇലക്ട്രിക് ബസുകള്‍ തുടര്‍ച്ചയായി ഓടുമെന്നും മന്ത്രി പറഞ്ഞു.മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ബാബു,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ് ഹരികിഷോര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *