
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെതിരെ മുൻ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ നിൽക്കുന്ന സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മന:പൂർവം കള്ളക്കേസുകളുണ്ടാക്കുകയാണ്. ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി ശക്തിധരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
സി.പി.എം ഗുണ്ടകൾ കൊലക്കത്തിയുമായി നിൽക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്തത്. പുറത്താക്കിയതിന്റെ വിദ്വേഷം തീർക്കാൻ കാലങ്ങളായി വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരാളുടെ പഴയകാല മൊഴിയാലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അന്വേഷിക്കുന്നതിൽ യാതൊരു വിരോധവുമില്ല. പക്ഷെ വിവിധ ആളുകളിൽ നിന്നും ശേഖരിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസിൽ വച്ച് കൈതോലപ്പായയിൽ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തൽ.ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയിൽ രണ്ട് ദിവസം താമസിക്കാൻ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇത് കൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവർത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തൽ. അതേക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചു.
പത്ത് ലക്ഷം രൂപം എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോൻസന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. ഇവിടെ പത്ത് ലക്ഷമല്ല രണ്ടു തവണയായി രണ്ട് കോടി അമ്പത്തഞ്ച് ലക്ഷം കൊണ്ട് പോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം മുതൽ ടൈം സ്ക്വയർ വരെ അറിയപ്പെടുന്നയാൾക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താത്തത്? ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയിൽ നിന്ന് മാറി നിന്ന് അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറുണ്ടോ? ഡ്രൈവറുടെ മൊഴിയിൽ സുധാകരനെതിരെ കേസെടുത്തവർ പണം എണ്ണിത്തിട്ടപ്പെടുത്തി നൽകിയ ആളുടെ വെളിപ്പെടുത്തലിൽ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്.