
മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാങ്കുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്ത് നിന്നും പിടിയിലായത്. ഇവര്‍ വര്‍ഷങ്ങളായി വ്യാജ പേരില്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണു റെജി ഒളിവില്‍ പോയത്. പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന വ്യാജപേരില്‍ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പതിനെട്ടാം വയസ്സില്‍ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാല്‍നൂറ്റാണ്ടിലേറെ ഒളിവില്‍ത്തുടര്‍ന്ന് ഒടുവില്‍ പൊലീസിന്റെ വലയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്ന് വര്‍ഷവും ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്.