
തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായത്. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.ഫലം വന്ന് നാല് ദിനം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ് ആശങ്കയിലായിരുന്നു. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടേക്കും എന്ന സൂചനകളായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആദ്യം പുറത്തുവന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചിരുന്നത്. എന്നാൽ ഡി കെ ശിവകുമാർ ഇതിനെ അംഗീകരിച്ചിരുന്നില്ല. രാത്രി വൈകിയും നീണ്ട ചർച്ചകൾക്കൊടുവിലാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിച്ചേക്കും.