
ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ എഎംഎംഎയ്ക്കും നടി പരാതി നല്‍കി.ഒരുമിച്ചഭിനയിച്ച സിനിമയിലെ സെറ്റില്‍ വച്ച് നടന്‍ മോശമായി പെരുമാറിയെന്നും നടന്‍ ലഹരി ഉപയോഗിച്ചിരുന്നത് കണ്ടെന്നും കഴിഞ്ഞദിവസം വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇനി ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ ആഭിനയിക്കില്ലെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ കൂടെ നില്‍ക്കേണ്ടതു കൊണ്ടു മാത്രമാണ് അവരുടെ കൂടെ അപ്പോള്‍ നിന്നതെന്നുമായിരുന്നു പറഞ്ഞത്. ഇതിനു പിന്നാലെ നടി പരാതി നല്‍കുകയായിരുന്നു. വിന്‍സിയുടെ പരാതിയില്‍ കേസെടുക്കാനാണ് പോലിസിന്റെ തീരുമാനം. അതേ സമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന നടത്തുന്ന സമയത്ത് ഹോട്ടലില്‍ നിന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി. നടന്റെ മുറിയില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയെ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലിസ് പറഞ്ഞു.
