
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാർ. സമൂഹ മാധ്യമങ്ങളിലൂടെ ഹസീന ജനങ്ങളെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാർ വീട് ഇടിച്ച് നിരത്തി തീയിട്ടത്. ഹസീനയുടെ പാർട്ടിയിലെ മറ്റ് നേതാക്കളുടെയും വീട് പ്രതിഷേധക്കാർ ആക്രമിക്കുകയുണ്ടായി.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടു കൂടിയാണ് ഷെയ്ഖ് ഹസീന സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധക്കാർ ഹസീനയുടെയും ഇവരുടെ പാർട്ടിയായ അവാമി ലീഗിൻ്റെ നേതാക്കളുടെയും വീടുകളിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഹസീനയുടെ വീട്ടിലെ ചുമരുകൾ പൊളിച്ച് മാറ്റുകയും എസ്കവേറ്ററും ക്രെയിനും ഉപയോഗിച്ച് വീട് പൂർണമായി പൊളിച്ച് മാറ്റുകയുമായിരുന്നു. പിന്നാലെ വീട് തീയിട്ടു. അവാമി ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപുറപ്പെട്ടത്.

