EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ജില്ലാ ആയുർവേദ ദിനാചരണത്തിന് സമാപനം…

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 9-ാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് സമാപനമായി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോ​ഗ്യമാണ് എല്ലാ സമ്പത്തിനേക്കാളും വലുതെന്നും അത് കാത്തുസൂക്ഷിക്കാൻ ആയുർവേദവും നല്ല ജീവിതശൈലികളും പിന്തുടരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ്, റീൽസ് മത്സരവിജയികൾക്ക് കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു. കളക്ട്രേറ്റിൽ നടത്തിയ ആരോ​ഗ്യ ആഹാര പാചക മത്സരവും പ്രദർശനവും വ്യത്യസ്തമായ വിഭവങ്ങൾകൊണ്ടും രുചിവൈവിധ്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. കളക്ടറേറ്റിലെ ജീവനക്കാർക്കായി ജീവിതശൈലി രോ​ഗ സ്ക്രീനിം​ഗ് ക്യാമ്പ് നടത്തി.

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജിത അതിയേടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസിലാൽ ജി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശിവകുമാരി പി, എൻ.എച്ച്.എം ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ.ആശാ വിജയൻ, ഐ.സി.ഡി.എസ് ജില്ലാ പ്രോ​ഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, കളക്ട്രേറ്റ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് അനിൽ കുമാർ, നെയ്യാറ്റിൻകര ​ഗവ.ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മിനി എസ്.പൈ എന്നിവർ സംസാരിച്ചു. ഒക്ടോബർ 29ന് വർക്കല ജില്ലാ ആശുപത്രിയിൽ വിളംബര ജാഥയോടുകൂടിയാണ് ആയുർവേദ വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വെട്ടുകാട് തിരുനാൾ മഹോത്സവം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാൾ മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തുന്നു. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ വെട്ടുകാട് മരിയൻ ഹാളിൽ അവലോകനയോഗം ചേർന്നു. ആന്റണിരാജു എം.എൽ.എ സന്നിഹിതനായിരുന്നു.മുൻവർഷത്തെക്കാൾ മികച്ച രീതിയിൽ തിരുനാൾ ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആന്റണി രാജു എം.എൽ.എ പറഞ്ഞു.ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും വനിതാ പോലീസിനെ ഉൾപ്പെടുത്തി, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും, വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് എക്‌സൈസ്, തിരുവനന്തപുരം കോർപ്പറേഷൻ, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി .സ്പർജൻ കുമാർ യോഗത്തിൽ അറിയിച്ചു.വെട്ടുകാട് ദേവാലയ പരിസരത്ത് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ 60 സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കും. പോലീസ് കൺട്രോൾ റൂമുമായി സഹകരിച്ച് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് തയാറാണെന്നും ഇടവക വികാരി ഫാ.ഡോ.എഡിസൻ വൈ.എം അറിയിച്ചു.

എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഫയർ ആൻഡ് റസ്‌ക്യൂ ടീം ഉത്സവമേഖലയിൽ ക്യാമ്പ് ചെയ്യും. അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും.അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം പ്രദേശത്ത് ലഭ്യമാക്കും. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതൽ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കൽ ടീം പ്രവർത്തിക്കുക. കൂടാതെ ആംബുലൻസിന്റെ സേവനവും ലഭ്യമായിരിക്കും.കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾക്ക് പുറമേ പത്ത് അഡീഷണൽ സർവീസുകൾ ഉത്സവ മേഖലയിൽ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂർ മേഖലകളിൽ നിന്ന് ഇലക്ട്രിക് ബസുകളും സ്‌പെഷ്യൽ സർവീസിനായി സജ്ജീകരിക്കും.പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത്, കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.വെട്ടുകാട്, ശംഖുംമുഖം വാർഡുകളിൽ തെരുവ് വിളക്കുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി, കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *