ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 182 പേര് കൊല്ലപ്പെട്ടതായി ലെബനന്. 727 -ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുല്ല കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി. ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തുനിന്ന് മാറാന്‍ ആവശ്യപ്പെട്ട് ടെക്സ്റ്റ്- വോയിസ് മെസേജുകള്‍ ലഭിച്ചുവെന്ന് തെക്കന്‍ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ലയുടെ കീഴിലുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ സ്വയരക്ഷക്കുവേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നു. നേരത്തെ, ഇസ്രായേല്‍ സൈന്യത്തിന്റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശമെന്നും ബി.ബി.സി റിപ്പോര്‍ട്ടുചെയ്തു.