നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് അതിനായി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യാ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.‘രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകിയതെന്നും’ രാഹുൽ പറഞ്ഞു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യ സ്ഥാനാർഥികളെ പിന്തുണച്ച് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമ്മു-കശ്മീർ ഭരിക്കുന്നത് ഡൽഹിയാണെന്നും തീരുമാനങ്ങൾ എടുക്കുന്നത് തദ്ദേശീയരല്ലാത്തവരാണെന്നും രാഹുൽ ആരോപിച്ചു. മതം, ജാതി, പ്രദേശം എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആർഎസ്എസും ബിജെപിയും വിദ്വേഷം പടർത്തുകയാണ്. അവരെ നേരിടാൻ കോൺഗ്രസ് ‘വിദ്വേഷത്തിൻ്റെ വിപണികളിൽ സ്നേഹത്തിൻ്റെ കടകൾ’ തുറന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.