
ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരുന്നുണ്ട്. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതടക്കം പരിഗണിച്ചേക്കും.10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ സന്നദ്ധരാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടികൾ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.

മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തർക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയിൽ റെയിൽവെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ വീണ് ഒരു മനുഷ്യനെ കാണാതായതിന് ശേഷമാണ് എല്ലാവരും ഉണർന്നത്. റെയിൽവേയും കോർപ്പറേഷനും ഇറിഗേഷൻ വകുപ്പും എല്ലാം ഇപ്പോൾ സജീവമായി രംഗത്തുണ്ട്. വർഷങ്ങളായി മാറ്റാതെ കിടന്ന മാലിന്യം പേറിയ ആമയിഴഞ്ചാനിൽ റെയിൽവേ ഒന്നും ചെയ്തില്ല. കോർപറേഷൻ വഴി ഒഴുകുന്ന മാലിന്യം യഥേഷ്ടം വന്ന് ചേരുന്നത് ആമയിഴഞ്ചാൻ തോട്ടിലേക്കാണ്.