തിരുവനന്തപുരം അതി തീവ്ര വേനൽ മഴയെത്തുടർന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാർജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നു 4 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പട്ടം തോടിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ശുചീകരണം നടത്തുന്നത്.
പട്ടം തോട്, ഉള്ളൂർ തോട് എന്നിവയുടെ ശുചീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇത്തവണത്തെ മഴയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വെള്ളക്കെട്ട് കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ അതി തീവ്ര മഴയുണ്ടായ ദിവസം തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് വെള്ളം കയറിയിരുന്നു. ഈ മേഖലയിൽ തോടിലേക്ക് ശുചീകരണത്തിനുള്ള യന്ത്ര സാമഗ്രികൾ ഇറക്കാനുള്ള സൌകര്യക്കുറവ് കാരണം മണ്ണും മാലിന്യവും പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച ചേർന്ന ഇറിഗേഷൻ ഉദ്ദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ ഈ പ്രദേശത്ത് തോടിന്റെ സംരക്ഷണ ഭിത്തി ഇടിച്ച് യന്ത്രങ്ങളിറക്കി ശുചീകരണം നടത്തിയ ശേഷം സംരക്ഷണഭിത്തി പുനർനിർമ്മിക്കുന്നതിന് എം.എൽ.എ വി.കെ പ്രശാന്ത് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാർജ്ജ് ഇറക്കി ശുചീകരണം നടത്തുന്നത്