രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക സമീപനമാണ് കേരളത്തിന്‍േറതെന്ന് മുന്‍ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി പറഞ്ഞു. 28ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയെ മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനായി തെരഞ്ഞെടുത്തതിനെ ചൊല്ലി ചില കോണുകളിൽ നിന്ന് ഉയർന്ന വിവാദങ്ങളിൽ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതു പക്ഷ വീക്ഷണങ്ങളോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ലോകസിനിമയിലെ മികച്ച ഒരു ചലച്ചിത്ര ആചാര്യനാണ്. സനൂസിക്ക് സനൂസിയുടേതായ അഭിപ്രായങ്ങളുണ്ടാവാം. . യോജിപ്പുള്ളവരെ മാത്രമല്ല വിയോജിപ്പുള്ളവരെ കൂടി നാം കേള്‍ക്കണം. സനൂസിക്ക് പറയാനുള്ളത് നാം കേള്‍ക്കണം. അതില്‍നിന്ന് നല്ല വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം. അല്ലാത്തവയെ തള്ളിക്കളയണം. കമ്യൂണിസത്തെപ്പറ്റിയു സനൂസി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് 1998ല്‍ തന്നെ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി.ഗോവിന്ദപിള്ള മറുപടി കൊടുത്തിട്ടുള്ളതാണ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
ചലച്ചിത്രമേളകള്‍ സര്‍ഗാത്മക സംവാദങ്ങളുടെയും വൈവിധ്യങ്ങളുടെയും ആഘോഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രം കലയായി മാറുന്നതിന്റെ ഉദാഹരണമാണ് സിനിമയെന്ന് ചടങ്ങില്‍ പങ്കെടുത്ത കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഐ എഫ് എഫ് കെയുടെ നൂറിരട്ടി ബജറ്റിലാണ് ലോകത്തെ പല ചലച്ചിത്രമേളകളും നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ .എസ്. ബാബു അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ,സെക്രട്ടറി സി.അജോയ് , ജനറല്‍ കൗണ്‍സില്‍ അംഗം രവിമേനോന്‍, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി .രാകേഷ് ,കെ യു ഡബ്‌ളിയൂ ജെ ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ ,ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച് ഷാജി എന്നിവര്‍ പങ്കെടുത്തു