
ഓയൂരില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോവുന്നതിനിടെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലുള്ള മൂന്നുപേരില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. അന്വേഷണസംഘം വീട്ടിലെത്തി ചിത്രം കാണിച്ചുകൊടുത്തപ്പോഴാണ് ഒരാളെ തിരിച്ചറിഞ്ഞത്. ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാറിനെ(52)യാണ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. നേരത്തേ പോലിസ് പുറത്തുവിട്ട രേഖാചിത്രത്തിലെ കണ്ണട ധരിച്ച, അല്‍പ്പം കഷണ്ടിയുള്ളയാളുമായി മികച്ച സാമ്യമുള്ളയാളാണ് പത്മാരജന്‍. ഇയാളുടെ ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരെന്നാണ് വിവരം. എന്നാല്‍, ഇവരെ ചിത്രം കണ്ട് കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 1.45നാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്ന് മൂവരെയും പിടികൂടിയത്. രണ്ട് കാറുകള്‍ പിടിച്ചെടുത്തതായും സൂചനയുണ്ട്. കൊല്ലം കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. കൊതേരിയില്‍നിന്ന് കാറും കണ്ടെടുത്തിരുന്നു.
