പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന(എടിഎസ്) യുവാവിനെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഷൈലേന്ദ്ര സിങ് ചൗഹാന്‍ എന്ന ശൈലേഷ് കുമാര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ ആര്‍മിയില്‍ ഒമ്പത് മാസത്തോളം താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി ലഖ്‌നോവില്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങളുടെ ലൊക്കേഷനും നീക്കവുമായി ബന്ധപ്പെട്ട സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇയാള്‍ ഐഎസ്‌ഐയ്ക്ക് കൈമാറിയെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനു വേണ്ടി ലഖ്‌നോവിലെ എടിഎസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.