കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്കെതിരേ മറ്റൊരു സിപിഎം നേതാവ് കൂടി രംഗത്ത്. സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണനാണ് ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കണ്ണനെ വിട്ടയച്ചു. ഹിന്ദി സംസാരിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ മാനസ്സിക സമ്മര്‍ദം ചെലുത്തിയെന്നും ഞാന്‍ ഈ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്ന് പറഞ്ഞപ്പോള്‍ ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തല്ലിയിട്ടില്ല, മാനസ്സികമായി പീഡിപ്പിച്ചു. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് അവര്‍ ഉദ്ദേശിക്കുന്നത് പോലെ ഉത്തരം പറയിപ്പിക്കാനാണ് ശ്രമിച്ചത്. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറുമായി 30 വര്‍ഷത്തെ പരിജയമുണ്ട്. എന്നാല്‍, ഒരു രൂപ പോലും അയാളില്‍ നിന്ന് വാങ്ങിയിട്ടില്ല. അങ്ങോട്ടും കൊടുക്കാനില്ല. അയാളുമായി സാമ്പത്തിക ഇടപാടില്ല. ഒരാളുമായി സുഹൃദ്ബന്ധം പാടില്ലെന്നുണ്ടോ. വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം കെ കണ്ണന്‍ പറഞ്ഞു. നേരത്തേ, സിപിഎം നേതാവും തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനും ഇഡി ഉദ്യോഗസ്ഥര്‍ മര്‍ജ്ജിച്ചെന്നു കാണിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. അരവിന്ദാക്ഷന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സംഘം ഇഡി ഓഫിസില്‍ പരിശോധന നടത്തിയിരുന്നു.