EN24TV

960 കോടി രൂപ ചെലിവില്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് ഹൈവേയില്‍ വിള്ളല്‍…

രാജ്യത്തെ ആദ്യത്തെ ലൈറ്റ് ആന്റ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍. മധ്യപ്രദേശിലെ സിയോനിയിലെ പെഞ്ച് ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിലാണ് തുടര്‍ച്ചയായ കനത്ത മഴയെതുടര്‍ന്ന് വിള്ളലുണ്ടായത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമാണ് വിള്ളല്‍. വിള്ളലുകള്‍ കണ്ടതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം അടച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് മേഖലയില്‍ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. 960 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച എലിവേറ്റഡ് ഹൈവേ രണ്ട് വര്‍ഷം മുന്‍പാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. പെഞ്ച് ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ എലിവേറ്റഡ് പാത നിര്‍മ്മിച്ചത്.വന്യമൃഗങ്ങള്‍ക്ക് വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും ശല്യമാകാതിരിക്കാനുള്ള സംവിധാനത്തോടെയായിരുന്നു റോഡിന്റെ നിര്‍മ്മാണം. നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നാലുമീറ്റര്‍ ഉയരത്തില്‍ സ്റ്റീല്‍ ഭിത്തിയോടുകൂടി സൗണ്ട് ബാരിയറുകളും ഹെഡ് ലൈറ്റ് റിഡ്യൂസറുകളും സ്ഥാപിച്ചായിരുന്നു ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രൂഫ് സംവിധാനമൊരുക്കിയത്. നിര്‍മ്മാണം കഴിഞ്ഞ് ഏറെ താമസമില്ലാതെ പാതയില്‍ വിള്ളല്‍ വന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അഴിമതിയുടെ തെളിവാണ് പാതയുടെ ശോചനീയാവസ്ഥയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *