
നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഐ.സി.എം.ആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. രോഗികളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കേരളത്തില്‍ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആര്‍ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയില്‍ നിന്നാണെന്നും മന്ത്രി വ്യക്തമാക്കി.രണ്ടാമത്തെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ്പ പരിശോധിക്കാന്‍ തീരുമാനിച്ചത്. റൂട്ട് മാപ്പ് ഉണ്ടാക്കി സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യും. പുണെ വൈറോളജി ലാബില്‍ നിന്ന് വിദഗ്ധര്‍ ഇന്നെത്തും. മൊബൈല്‍ ലാബ് സജ്ജമാക്കും. ഇന്നലെ രാത്രി 9 മണിക്ക് പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ലഭിച്ചിരുന്നു. ഐസൊലേഷനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണം തേടിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പകര്‍ച്ച വ്യാധി പ്രതിരോധ സംഘം എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
