സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള സന്യാസിയും സംഘപരിവാര്‍ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ മധുര സിറ്റി പോലിസാണ് സന്യാസിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. ഉദയനിധിയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോ പകര്‍ത്തി പങ്കുവച്ച ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായിക്കെതിരെയാണ് വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചതിന് കേസെടുത്തത്. ”ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവര്‍ക്ക് ഞാന്‍ 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കില്‍, ഞാന്‍ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകള്‍.അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്‌നാടിനു വേണ്ടി ജീവന്‍ ബലി കൊടുക്കാന്‍ തയാറായ വ്യക്തിയുടെ ചെറുമകനാണു താനെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. തന്റെ തലമുടി ചീകിവയ്ക്കാന്‍ വെറും 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു സന്യാസിയുടെ 10 കോടി രൂപ വാഗ്ദാനത്തിന് ഉദയനിധിയുടെ മറുപടി. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ചെന്നൈയിലെ വസതിക്കു മുന്നില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കുകയും ചെയ്തു.തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.