ഹിമാചൽ പ്രദേശിൽ തെരച്ചിൽ തുടരുന്നു. കൂടുതൽ പേർ മണ്ണിനടിയിലുണ്ടെന്ന നിഗമനത്തിലാണ് ദുരന്തനിവാരണ സേന. മഴക്കെടുതി തുടരുന്നു. സമ്മർ ഹിൽ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഇതുവരെ 77 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നാലോളം പേർ ഇപ്പോഴും ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നാണ് കരുതുന്നതെന്ന് ഷിംല എസ്പി സഞ്ജീവ് കുമാർ ഗാന്ധി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.കനത്ത മഴയിൽ മനുഷ്യജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് ഹിമാചലിനെ പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ മലയോര മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. ഷിംല ഉൾപ്പെടെ നിരവധി ജില്ലകളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്ത് രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾ തകർന്നവരുടെ പുനരധിവാസത്തിനായി സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.