
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് മലയാളിയായ ‘ഔട്ട് ലുക്ക്’ സീനിയര്‍ എഡിറ്റര്‍ കെകെ ഷാഹിന അര്‍ഹയായി. കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ പുരസ്‌കാരമാണ്. നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാന (മെക്‌സിക്കോ),ഫെര്‍ഡിനാന്‍ഡ് അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്‌ക്കൊപ്പം പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന. കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകയാണ് ഷാഹിനയെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ പൊലീസ് സാക്ഷിമൊഴികള്‍ വളച്ചൊടിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ കേസ്. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലജാതി വിഭാഗങ്ങള്‍ക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാന്‍, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങള്‍ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി.