രജനീകാന്തിന്റെ മകളും നടന്‍ ധനുഷിന്റെ മുന്‍ ഭാര്യയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തു.കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വസതിയിലാണ് ഈശ്വരി ജോലി ചെയ്തിരുന്നതെന്നും വെങ്കിടേശന്റെ സഹായത്തോടെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങള്‍ വിറ്റാണ് ഇവര്‍ ചെന്നൈയില്‍ വീട് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. ചെന്നൈയിലെ സെന്റ്.മേരീസ് റോഡിലുള്ള കൃപ അപ്പാര്‍ട്ട്‌മെന്റിലെ ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രില്‍ മാസത്തില്‍ പോയസ് ഗാര്‍ഡനിലുള്ള തന്റെ വീട്ടിലേക്ക് ഇവര്‍ ലോക്കര്‍ മാറ്റി. സെന്റ് മേരീസ് റോഡിലുള്ള അപാര്‍ട്‌മെന്റിലായിരുന്നു ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് ലോക്കര്‍ തുറന്നപ്പോള്‍ വിവാഹം കഴിഞ്ഞ് 18 വര്‍ഷമായി സ്വരുക്കൂട്ടിയ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി ഐശ്വര്യ കണ്ടെത്തുകയായിരുന്നു.