ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭീകരവിരുദ്ധപോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുൽ റഹ്‌മാൻ മക്കി. 68കാരനായ അബ്ദുൽ റഹ്‌മാൻ മക്കി ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യവിഹാരം നടത്തുന്ന കൊടും ഭീകരനാണ്. ലഷ്കറെ തോയിബ, ജമാഅത്ത് ഉദുവ എന്നീ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമൻ. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാൾ. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനാണ്. അമേരിക്ക ഇയാളുടെ തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു.മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. യുഎന്നിൽ ഇന്ത്യയുടെ ആവശ്യത്തിനു യുസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ കിട്ടിയതാണ് ഇപ്പോഴത്തെ നടപടിക്കു കാരണം. കാശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അബ്ദുൽ റഹ്‌മാൻ മക്കിയെ യുഎന്നിൻറ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു.