EN24TV

മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു…

മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു മേരി. ഈ മാസം ഒന്നാം തീയതിയാണ് ആക്രമണമുണ്ടായത്. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മകന്‍ കിരണിനെ (27) നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *