സംരക്ഷിത വനമേഖലയ്‌ക്കു ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്‌ഇസഡ്) നിലനിർത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇവിടെ ഒരുതരത്തിലുള്ള സ്ഥിരംനിർമാണവും പാടില്ല. ദേശീയ ഉദ്യാനങ്ങളിലോ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലോ ഖനനപ്രവർത്തനം പാടില്ല. ഒരു കിലോമീറ്ററിൽ കൂടുതൽ പരിസ്ഥിതിലോല പ്രദേശമുള്ള സ്ഥലങ്ങളിലും നിയമപ്രകാരം കൂടുതൽ മേഖല പരിസ്ഥിലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലും ആ രീതിയിൽത്തന്നെ അതിർത്തികൾ നിലനിർത്തണമെന്നും ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗബെഞ്ച് നിർദേശിച്ചു. ഓരോ സംസ്ഥാനത്തെയും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങളുടെ മുഴുവൻ വിവരവും മുഖ്യ വനപാലകർ മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, അനിരുദ്ധാ ബോസ് എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു.