
കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നാലു പേർ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തിൽ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങൾ വൻഭീഷണി ഉയർത്തുമ്പോൾ മന്ത്രി നിസഹായനായി കൈമലർത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനില്ക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവൻ അപകടത്തിലാണെന്ന് സുധാകരൻ പറഞ്ഞു.

കസേര സംരക്ഷിക്കുന്നതിൽ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാൽ കാട്ടുമൃഗങ്ങളാണോ ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും. കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാൻ്റേഷൻ്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തിൽകൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ട്‌ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാൻ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂർണ്ണമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

