EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തുരങ്ക നിർമാണത്തിൽ 
അപാകമേറെ ; ഇനി ജോലിക്കില്ലെന്ന്‌ തൊഴിലാളികൾ…

ഉത്തരകാശി ജില്ലയിലെ സിൽക്യാര തുരങ്കം നിർമാണത്തിൽ അപാകമേറെ. മുമ്പ്‌ രണ്ടുതവണ ഇടിഞ്ഞിട്ടും സംഭവം നിർമാണക്കമ്പനി മൂടിവച്ചു.  കവാടത്തിൽനിന്ന് ആദ്യത്തെ 60 മീറ്ററോളം തുരങ്കത്തിന്റെ മുകൾഭാഗത്തേ മാനദണ്ഡപ്രകാരമുള്ള കോൺക്രീറ്റ്‌ ഇട്ടിട്ടുള്ളൂവെന്ന്‌ തൊഴിലാളികളെ രക്ഷിക്കാനെത്തിച്ച ആഗർ യന്ത്രത്തിന്റെ  ഓപ്പറേറ്ററും തമിഴ്‌നാട്‌ തിരുനെൽവേലി സ്വദേശിയുമായ കൃഷ്‌ണൻ ഷൺമുഖൻ പറഞ്ഞു.എന്നാൽ, അടുത്ത 270 മീറ്ററോളം കമ്പിവളച്ച്‌ കെട്ടി സിമന്റ്‌ സ്‌പ്രേ (ഷോർട്ട്‌ ക്രീറ്റ്‌) ചെയ്‌തു. ഇങ്ങനെ സ്ഥാപിച്ച കമ്പിയിലും കോൺക്രീറ്റിലും തട്ടിയാണ്‌ ആഗർ യന്ത്രം തകർന്നത്‌. ഉറപ്പുള്ള പാറയുള്ള പ്രദേശത്തെ തുരങ്കങ്ങളിൽ മാത്രമേ ഷോർട്ട്‌ക്രീറ്റ്‌ ചെയ്യാൻ പാടുള്ളൂ. മാനദണ്ഡപ്രകാരമുള്ള കോൺക്രീറ്റില്ലാത്തതിനാൽ പലയിടത്തുനിന്നും വെള്ളം തുരങ്കത്തിലേക്ക്‌ ഊർന്നിറങ്ങുന്ന സ്ഥിതിയാണ്‌–- ഷൺമുഖൻ പറഞ്ഞു. ഷോർട്ട്‌ക്രീറ്റ്‌ ചെയ്‌ത ഭാഗമാണ്‌ പൂർണമായും തകർന്നത്‌.തുരങ്കനിർമാണം വേഗം പൂർത്തിയാക്കാനുള്ള വ്യഗ്രതയിൽ പല സുരക്ഷാ മാനദണ്ഡങ്ങളും കമ്പനി മറികടന്നതായും തൊഴിലാളികൾ പറയുന്നു. പത്തുമീറ്റർ ദൂരത്തിൽ തുരന്നു കഴിഞ്ഞാൽ മാനദണ്ഡപ്രകാരമുള്ള കോൺക്രീറ്റ്‌ ചെയ്യണം. എന്നാൽ, പരമാവധി ദൂരം തുരക്കാനാണ്‌ കമ്പനി ശ്രദ്ധിച്ചതെന്നും അവർ കുറ്റപ്പെടുത്തുന്നു. നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിൽ പൂർത്തിയാകാനുള്ളത്‌ അരകിലോമീറ്ററോളം മാത്രമാണ്‌. അതേസമയം, ഇനി സിൽക്യാരയിലേക്ക്‌ പണിയെടുക്കാൻ വരില്ലെന്ന്‌ തൊഴിലാളികൾ പറഞ്ഞു.

യുദ്ധം തുടരുന്നതിൽ 
സംശയം വേണ്ടെന്ന്‌ നെതന്യാഹു

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുമോ എന്നതിൽ സംശയമേ വേണ്ടെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. താൽക്കാലിക വെടിനിർത്തൽ തീർന്ന ഉടൻ ആക്രമണം പുനരാരംഭിക്കുമെന്നും ബുധനാഴ്ച വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കൂടുതൽ ദിവസത്തേക്ക്‌ നീട്ടാനുള്ള ചർച്ചകൾ ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ തുടരുന്നതിനിടെയാണ്‌ പ്രഖ്യാപനം. നാലുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടണമെന്ന്‌ ഹമാസ്‌ അഭ്യർഥിച്ചിരുന്നു.ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെയെല്ലാം മോചിപ്പിക്കുക, ഗാസ ഇസ്രയേലിന്‌ ഭീഷണിയല്ലെന്ന്‌ ഉറപ്പുവരുത്തുക എന്നീ മൂന്ന്‌ ലക്ഷ്യവും പൂർത്തീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ്‌ ബുധനാഴ്ച നെതന്യാഹു പറഞ്ഞത്‌. തീരുമാനത്തിന്‌ മന്ത്രിസഭയുടെയും യുദ്ധമന്ത്രിസഭയുടെയും പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ നിരന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ഇസ്രയേലിനോട്‌ ഐക്യരാഷ്ട്ര സംഘടനയടക്കം ആവശ്യപ്പെട്ടിട്ടുണ്ട്‌. കൂടുതൽ ബന്ദികളെ മോചിപ്പിച്ച്‌ വെടിനിർത്തൽ നീട്ടാമെന്ന്‌ ചർച്ചകൾക്ക്‌ മുൻകൈയെടുക്കുന്ന ഖത്തറും ഈജിപ്തും പ്രതീക്ഷിക്കുന്നു. എന്നാൽ, പത്തുദിവസത്തിനപ്പുറം വെടിനിർത്തൽ സാധ്യമല്ലെന്നതിൽ ഉറച്ചുനിൽക്കുകയാണ്‌ ഇസ്രയേൽ.അതിനിടെ, വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടു. ഭീകരർക്കായി തിരച്ചിൽ എന്ന പേരിൽ ടാങ്കുകൾ ഉൾപ്പെടെ വൻ സന്നാഹങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച രണ്ടു റഷ്യൻ പൗരരെയും പത്ത്‌ ഇസ്രയേലി ബന്ദികളെയും ഹമാസ്‌ വിട്ടയച്ചിരുന്നു. 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ വെടിനിർത്തൽ ബുധൻ രാത്രി അവസാനിക്കും. അതിനുമുമ്പായി ബന്ദികളുടെയും തടവുകാരുടെയും അവസാനഘട്ട കൈമാറ്റത്തിനുള്ള ചർച്ചകൾ ബുധൻ രാത്രി വൈകിയും തുടർന്നു.

ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍

ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണച്ച പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനെതിരായ രാഷ്ട്രീയ നയം രാജ്യത്തിന്റെ മനസ്സ് അറിയാത്തവരുടേതാണെന്നും മുന്‍ എംപിയും സിപി ഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍. അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണ ഭാഗമായി തിരുവനന്തപുരം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഗസ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ സമരത്തിന് ലോകത്തെ മുഴുവന്‍ ജനാധിപത്യ സമൂഹങ്ങളുടെയും പിന്തുണയുണ്ട്. ഫലസ്തീന്‍ പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന് മുന്നിലാണ് ഇസ്രായേല്‍ മുട്ടുകുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടം കാലങ്ങളായി സാമ്രാജ്യത്വ പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേല്‍ നടത്തുന്ന ഭീകരതയോടുള്ള മാനുഷിക പ്രതിരോധമാണെന്നും ഫലസ്തീന്‍ പോരാളികളെ തീവ്രവാദ മുദ്രയടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രമറിയാത്തവരാണെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ ജലീല്‍ കരമന, ഖജാഞ്ചി എ എം നദ് വി സംസാരിച്ചു. വിവിധ സംഘടനകളെയും മഹല്ല് ജമാഅത്തുകളെയും പ്രതിനിധീകരിച്ച് കെ എം ഹാരിസ് മൂവാറ്റുപുഴ, ഒ ഷഹീര്‍ മൗലവി, ഷാഫി നദ്‌വി, സക്കീര്‍ നേമം, അബ്ദുര്‍റഹീം മന്നാനി വെഞ്ഞാറമൂട്, മുണ്ടക്കയം ഹുസയ്ന്‍ മൗലവി, അല്‍ അമീന്‍ മൗലവി ബീമാപള്ളി, ആമച്ചല്‍ ഷാജഹാന്‍, എ എല്‍ എം കാസിം, സഫീര്‍ ഖാന്‍ മന്നാനി പനവൂര്‍, സലീം കരമന, ഹാമീദ് ബാഖവി, മഹ്ബൂബ് പൂവാര്‍, മാഹിന്‍ പരുത്തിക്കുഴി, ആരുഡിയില്‍ താജ്, നേമം ജബ്ബാര്‍, അബ്ദുല്‍ അസീസ് മൗലവി ബീമാപള്ളി, അല്‍ അമീന്‍ റഹ് മാനി മംഗലപുരം, പുലിപ്പാറ മുഹമ്മദ്, സക്കീര്‍ ബീമാപള്ളി, പനവൂര്‍ റഫീഖ് മൗലവി, അന്‍സര്‍ കന്യാകുളങ്ങര, പി കമാലുദ്ദീന്‍ വട്ടിയൂര്‍ക്കാവ്, റാഫി വെമ്പായം, ഡോ. ദസ്തകീര്‍, ഷാജി വെഞ്ഞാറമൂട്, തിരുമല താജുദ്ദീന്‍ ഫാബ് നെറ്റ്, ഷജീര്‍ കുറ്റിയാമൂട്, ബഷീര്‍ കരമന, നിസാര്‍ സലീം, ജമീര്‍ കാരയ്ക്കാമണ്ഡപം പങ്കെടുത്തു. ഫലസ്തീന്റെ പരമ്പരാഗത വേഷമായ കഫിയ്യ ധരിച്ചാണ് ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ സംഗമത്തിനെത്തിയത്. ഫലസ്തീനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അക്ഷരമാലകള്‍ ഉയര്‍ത്തിയും ഫലസ്തീന്‍ പതാകകള്‍ വീശിയും ഗസ പോരാട്ടത്തെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇസ്രായേല്‍ സയണിസ്റ്റ് ആക്രമണത്തില്‍ വൈദ്യുതിയും വെളിച്ചവും നിഷേധിക്കപ്പെട്ട ഗസ്സ ജനതക്ക് പ്രതീകാത്മകമായി മൊബൈല്‍ ഫ്‌ളാഷ് മിന്നിച്ച് പിന്തുണ പ്രഖ്യാപിച്ചാണ് സംഗമം സമാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *