EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന പ്രതിക്ക് വധശിക്ഷ…

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിയുടെ മാനസാന്തര സാധ്യതയും കോടതി പരിഗണിച്ചിരുന്നു. ക്രൂരകൃത്യത്തിൽ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി പരിഗണിച്ചിരുന്നു.

ജൂലൈ 27നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതി അസഫാഖ് ആലത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് രാത്രി 9 മണിയോടെ പ്രതിയെ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നും പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ജൂലൈ 30ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 1ന് പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയുകയായിരുന്നു. സെപ്തംബര്‍ 1നാണ് അന്വേഷണസംഘം 645 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ 4ന് കോടതിയില്‍ വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്. കൊലപാതകം, ബലാത്സംഗം തുടങ്ങി 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. നവംബര്‍ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 13 വകുപ്പുകളിലാണ് പ്രതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതില്‍ നാല് വകുപ്പുകള്‍ വധശിക്ഷ വിധിക്കാന്‍ തക്ക ഗൗരവമുള്ളവയായിരുന്നു.

മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പുതിയ ബോര്‍ഡ് രൂപീകരിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം

മാധ്യമ പ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് സംവിധാനം ഇല്ലാതായ സാഹചര്യത്തില്‍ ദൃശ്യ മാധ്യമങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ ശമ്പളസംവിധാനം കൊണ്ടുവരുന്നതിനായി പുതിയ ബോര്‍ഡ് രൂപികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59ാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍വീസില്‍ നിന്നു പിരിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തീരെ അപര്യാപ്തമാണ്. നിലവിലുള്ള പെന്‍ഷന്‍ 20000 രൂപയായി ഉയര്‍ത്തണമെന്നും സമ്മേളന പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിക്കുക. തൊഴില്‍ സുരക്ഷ, പിരിച്ചുവിടല്‍ ഭീഷണി, ശമ്പളം നിഷേധിക്കല്‍, പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം, പെന്‍ഷന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികളില്‍ ചിലതാണ്. ഇക്കാര്യങ്ങള്‍ അറിയിച്ചു കൊണ്ട് സര്‍ക്കാരിന് യൂനിയന്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നാല്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് അനുകൂലമായ സമീപനങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. പി എഫ് സംബന്ധിച്ച പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വിശദമായി പഠിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിഷന്‍ രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. പത്രപ്രവര്‍ത്തക യൂനിയന്റെ നവീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. യൂനിയനു വേണ്ടി നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡ്വ. തമ്പാന്‍ തോമസ്, ‘സൈന്യം വിളിക്കുന്നു’ പുസ്തകരചയിതാവും സിറാജ് കണ്ണൂര്‍ യുനിറ്റ് ഫോട്ടോഗ്രഫറുമായ ഷമീര്‍ ഊര്‍പ്പള്ളി എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ വിജേഷ് സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു പ്രവര്‍ത്തന റിപോര്‍ട്ടും ഖജാന്‍ജി സുരേഷ് വെള്ളിമംഗലം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എം ഷജില്‍ കുമാര്‍, സീമാ മോഹന്‍ലാല്‍, ആര്‍ ജയപ്രസാദ്, അഞ്ജന ശശി, സംഘാടക സമിതി ചെയര്‍മാന്‍ സിജി ഉലഹന്നാന്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *