
ഗസയില്‍ ഉപരോധം കടുപ്പിക്കുകയും അഭയാര്‍ഥി ക്യാംപില്‍ ഉള്‍പ്പെടെ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ്. ഗസയില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് തുടര്‍ന്നാല്‍ തടവുകാരാക്കപ്പെട്ട ഓരോ ഇസ്രായേല്‍ തടവുകാരെയും വധിക്കുമെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പില്ലാതെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന ഏതൊരു നടപടിയും ഞങ്ങളുടെ കസ്റ്റഡിയിലുള്ള ഒരോ ഇസ്രായേലി തടവുകാരനെയും വധിക്കുന്നതിലൂടെ ഖേദത്തോടെ നേരിടേണ്ടിവരും. ഈ വധശിക്ഷ സംപ്രേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഒബൈദ പറഞ്ഞു. ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ സയണിസ്റ്റ് ശത്രു(ഇസ്രായേല്‍) രാജ്യവും അവരുടെ നേതൃത്വവുമാണ് ഇതിന് ഉത്തരവാദികളെന്നും അബൂ ഒബൈദ പറഞ്ഞു.


വെള്ളവും വെളിച്ചവും ഭക്ഷണവും എണ്ണയും വിലക്കി; ഗസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രായേല്‍…

ശനിയാഴ്ച അതിരാവിലെ ഗസയില്‍നിന്ന് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മാറാതെ ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഗസയ്ക്കു മേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ യുദ്ധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവും വിലക്കുമെന്നും ഗസ പൂര്‍ണമായും ഒറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ചെറുത്തുനില്‍പ്പ് തടയുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷവും യുദ്ധം ശക്തമാക്കിയതോടെ ഗസയിലേക്കുള്ള വൈദ്യുതി കഴിഞ്ഞ ദിവസം തന്നെ ഇസ്രായേല്‍ വിച്ഛേദിച്ചിരുന്നു. ഇതിനുപുറമെയാണ് ഭക്ഷണവും ഇന്ധനവും തടയുമെന്ന് പ്രഖ്യാപിച്ചത്. ‘മൃഗീയര്‍’ക്കെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഉപരോധമെന്നും ഗാലന്റ് പറഞ്ഞു.
