
എസ്‌ഐയെ കുടുക്കാനായി സിഐ തടി മോഷണക്കേസിലെ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. തിരുവനന്തപുരം മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം എസ്‌ഐയായിരുന്ന അമൃത് സിംഗാണ് പരാതി നല്‍കിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് എസ്.എച്ച്.ഒ കുരുക്കിയതാണെന്നും എസ്ഐ പരാതിയില്‍ പറയുന്നു.പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടി മോഷണക്കേസില്‍ പിടികൂടി സെല്ലിലിട്ടിരുന്ന പ്രതി സ്റ്റേഷന്‍ നിന്നും ചാടി. അടുത്ത ദിവസം എസ്എച്ച്ഒ സജീഷ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ചാടിപ്പോയതിന്റെ പേരില്‍ സ്റ്റേഷനിലെ എസ്‌ഐ അമൃത് സിംഗ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തു. ഈ വകുപ്പ് തല അന്വേഷണത്തിനിടെയാണ് എസ്‌ഐ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു മുന്നില്‍, എസ്.എച്ച്.ഒ തന്നെ കുടുക്കിയതാണെന്ന ആരോപണം ഉന്നയിച്ചത്. പ്രതിയെ ചാടിപോകാന്‍ സഹായം നല്‍കുന്ന സിടിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. ഇതേ തുടര്‍ന്നാണ് സജീഷിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍എസ്പി ഡി.ശില്‍പ്പ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
